യുക്രെയിൻ അധിനിവേശം ആരംഭിച്ചതിനു ശേഷം റഷ്യയ്ക്ക് എട്ടാമത്തെ ജനറലിനെ കൂടി നഷ്ടപ്പെട്ടു എന്ന വാർത്തകൾ പുറത്തുവരുന്നു. 8-ാം ഗാർഡ്സ് കമ്പൈൻഡ് ആംസ് യൂണിറ്റിലെ ഡെപ്യുട്ടി കമാൻഡർ മേജർ ജനറൽ വ്ളാഡിമിർ ഫ്രൊലോവാണ് ഏറ്റവും ഒടുവിൽ മരണമടയുന്ന റഷ്യൻ ജനറൽ. സെയിന്റ് പീറ്റേഴ്സ്ബർഗിൽ അദ്ദേഹത്തിന് ഇന്നലെ സൈനിക ബഹുമതികളോടെ അന്ത്യയാത്രാ അയപ്പ് നൽകി. എപ്പോഴാണ് അദ്ദേഹം മരണമടഞ്ഞതെന്നോ എവിടെവച്ചായിരുന്നു മരണമെന്നോ ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ, ശവസംസ്‌കാരത്തിന്റെ സമയം സൂചിപ്പിക്കുന്നത് ഏതാനും ദിവസങ്ങൾക്ക് മുൻപായിരിക്കാം അദ്ദേഹം മരണമടഞ്ഞതെന്നാണ്.

ക്രീമിയയ്ക്കടുത്തുള്ള ഖെർസണിലായിരുന്നു ഫ്രൊലോവിന്റെ നേതൃത്വത്തിലുള്ള എട്ടാം ബറ്റാലിയൻ പോരാട്ടം നടത്തിയിരുന്നത്. കഴിഞ്ഞമാസം ഇവിടെ ഈ സൈനിക വിഭാഗത്തിലെ കമാൻഡർ ആൻഡ്രീ മോർവ്വിച്ചേവ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ഡോൺബാസിലെ സ്ത്രീകളും കുട്ടികളും വൃദ്ധരും ഇനിയൊരിക്കലും ബോംബിന്റെ ശബ്ദം കേൾക്കാതിരിക്കാനായി ഫ്രോലോവ് സ്വയം ബലിയർപ്പിക്കുകയായിരുന്നു എന്നായിരുന്നു ചരമശുശ്രൂഷകൾക്കിടയിൽ സെയിന്റ് പീറ്റേഴ്സ്ബർഗ് ഗവർണർ പറഞ്ഞത്.

തികഞ്ഞ ദേശഭക്തനും, ധീരനുമായിരുന്ന ഫ്രൊലോവ് ഒരു സൈനിക കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണെന്നും ഗവർണർ ഓർമ്മിപ്പിച്ചു. റഷ്യൻ ജനത എന്നും അദ്ദേഹത്തെ ഓർമ്മിക്കുമെന്നും ഗവർണർ തുടർന്നു പറഞ്ഞു. മറ്റൊരു റിപ്പോർട്ട് അനുസരിച്ച് ഈ യുദ്ധത്തിൽ റഷ്യയ്ക്ക് തങ്ങളുടെ 34-ാം കേണലിനേയും നഷ്ടമായി. ടാങ്ക് ബറ്റാലിയൻ കമാൻഡറായിരുന്ന മിറാസ് ബാഷകോവ് ആണ് മരണമടഞ്ഞ കേണൽ.

രക്തപ്പുഴയൊഴുക്കിയ പുടിന്റെ യുദ്ധത്തിൽ മരണമടയുന്ന 42-ാം മത് ഉയർന്ന സൈനിക ഉദ്യോഗസ്ഥൻ കൂടിയാണ് കേണലെന്ന് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. താൻ ഉദ്ദേശിച്ച രീതിയിൽ തന്നെയാണ് സൈനിക നടപടികൾ മുന്നോട്ട് പോകുന്നതെന്ന പുടിന്റെ വാദം പൊളിച്ചടുക്കുന്നതാണ് ഈ മരണസംഖ്യ. റഷ്യ ഇതുവരെ കൃത്യമായ കണക്കുകൾ നൽകിയിട്ടില്ലെങ്കിലും, ഏകദേശം 20,000 ത്തോളം റഷ്യൻ സൈനികർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്.

വ്യാഴാഴ്‌ച്ച ലെഫ്റ്റനന്റ് കേണൽ ഡെനിസ് മെഷുകേവിനേയും റഷ്യയ്ക്ക് നഷ്ടമായിരുന്നു. കീവിലെ പരാജയപ്പെട്ട യുദ്ധത്തിന് നേതൃത്വം നൽകിയ കേണലിന്റെ ട്രൂപ്പിനെ പിന്നീട് ഡോൺബാസ് മേഖലയിൽ പുനർവിന്യസിക്കുകയായിരുന്നു. അതിന് ഒരു ദിവസം മുൻപായിരുന്നു കീഴടങ്ങിയ യുക്രെയിൻ സൈനികർ, കൊല്ലപ്പെട്ട റഷ്യൻ മേജർ ജനറൽ ഒലേഗ് മിറ്റ്യേവിന്റെ ഭൗതിക ശരീരം കുഴിച്ചിട്ട സ്ഥലം റഷ്യൻ സൈനികർക്ക് കാണിച്ചു കൊടുത്തത്. തുടർന്ന് റഷ്യൻ സൈന്യം ആ മൃതദേഹം വീണ്ടെടുക്കുകയായിരുന്നു.

അതിനിടയിൽ, ലോകമാകെ പിന്തുണ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ റഷ്യ യൂറോപ്പ്യൻ രാജ്യങ്ങളിൽ റഷ്യൻ അനുകൂല പ്രകടനങ്ങൾ സംഘടിപ്പിക്കുകയാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിൽ പലയിടങ്ങളിലായി നടക്കുന്ന റഷ്യൻ അനുകൂല പ്രകടനങ്ങൾക്ക് പുറകിൽ റഷ്യയും പുടിനുമാണെന്നാണ് അവർ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബെർലിൻ, ഡുബ്ലിൻ, ഹനോവർ, ഫ്രങ്ക്ഫർട്ട്, ഏഥൻസ് തുടങ്ങി പല നഗരങ്ങളിലും ജനങ്ങൾ റഷ്യൻ പതാകയുമായി തെരുവിലിറങ്ങിയിരുന്നു. വാഹനങ്ങളില്ല്, യുക്രെയിനിൽ പോരാടുന്ന റഷ്യൻ സൈനിക വ്യുഹ വാഹനങ്ങളിലേതു പോലെ ഇംഗ്ലീഷിലെ സെഡ് എന്ന അക്ഷരം തങ്ങളുടെ വാഹനങ്ങളിൽ പതിക്കുകയും ചെയ്തിരുന്നു.

മൈലുകൾക്ക് അപ്പുറമാണ് നടന്നതെങ്കിലും, ഈ പ്രകടനങ്ങൾ എല്ലാം നടന്നത് ഒരേസമയമായതിനാൽ ഇത് റഷ്യ സ്പൊൺസർ ചെയ്യുന്ന പ്രകടനമായി പാശ്ചാത്യ നിരീക്ഷകരും വിലയിരുത്തുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന റഷ്യാക്കാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കം എന്നും അവർ പറയുന്നു. വിവിധ നഗരങ്ങളിൽ നടന്ന പ്രകടനങ്ങൾ എല്ലാം തന്നെ ഏകദേശം ഒരേ സമയത്താണ് നടന്നത് എന്നുമാത്രമല്ല, പ്രകടനങ്ങളുടെ രീതിയിലും സ്വഭാവത്തിലും ഏറെ സമാനതകൾ ഉണ്ടായിരുന്നു. ഇതാണ് ഇപ്രകാരം ചിന്തിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്.