വാഷിങ്ടൺ :അവസാന തീർത്ഥങ്കരൻ വർദ്ധമാന മഹാവീരന്റെ ജന്മദിനമായി ഈ വര്ഷം ഏപ്രിൽ 14നു ജൈനമത വിശ്വാസികൾ ആഘോഷിക്കുന്ന മഹാവീര ജയന്തി ദിനത്തിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആശംസകൾ നേർന്നു.ഏപ്രിൽ പതിനഞ്ചിനു ഒരു ട്വിറ്റർ സന്ദേശത്തിലൂടെയാണ് ബൈഡൻ ആശംസകൾ അറിയിച്ചത് .പ്രഥമ വനിതാ ജിൽ ബൈഡനും ആശംസകൾ നേർന്നു .

അഹിംസ പാലിക്കുക,സത്യം പറയുക,ഒന്നും മോഷ്ടിക്കാതിരിക്കുക,ബ്രഹ്‌മചര്യം അനുഷ്ടിക്കുക,ആരോടും ബന്ധുത പുലർത്താതിരിക്കുക തുടങ്ങി അഞ്ച് ജൈന തത്വങ്ങൾ പിന്തുടരുവാൻ ലോകമെമ്പാടുമുള്ള ജൈന മത വിശ്വാസികളെ ബൈഡൻ ആഹ്വാനം ചെയ്തു

ജൈനതത്വങ്ങൾ പിന്തുടരുന്ന സാധാരണക്കാർക്ക് അവരുടെ ജീവിത ശൈലിയും അനുവദനീയമായിരുന്നു. സ്ത്രികളെ ഒരിക്കലും ജൈനമതം അകറ്റി നിർത്തിയിരുന്നില്ലെന്നും പ്രസിഡന്റ് ഓർമിപ്പിച്ചു .

ബിഹാറിൽ വൈശാലിയിലെ നൂപുരയിൽ ബി.സി. 599 ൽ ചൈത്ര മാസത്തിലെ പതിമൂന്നാം ചന്ദ്ര ദിനത്തിൽ ഒരു ഹിന്ദു ക്ഷത്രിയ കുടുംബത്തിൽ ആണ് മഹാവീരൻ ജനിച്ചത്.

മഹാവീരനെ ഗർഭം ധരിച്ചിരിക്കെ ആ കുടുംബത്തിന്റെ സ്വത്ത് വർദ്ധിച്ചതുകൊണ്ടാണ് മഹാവീരനെ വർദ്ധമാനൻ എന്നു വിളിക്കാൻ കാരണം.

മുപ്പതാമത്തെ വയസ്സിൽ കുടുംബം ഉപേക്ഷിച്ച് അദ്ദേഹം സന്യാസ ജീവിതത്തിലേക്കിറങ്ങി.
24 തീർത്ഥങ്കരന്മാരിലൂടെയാണ് ജൈന തത്വസംഹിത വളർന്നത്.

എങ്കിലും അവസാനത്തെ തീർത്ഥങ്കരനായ വർദ്ധമാന മഹാവീരന്റെ കാലത്താണ് ഇത് ഒരു മതം എന്ന നിലക്ക് വേരുറക്കുന്നത്. തന്റെ മുൻഗാമികളുടെ മാർഗ്ഗനിർദ്ദേശം ഉൾക്കൊണ്ട് ആ വിശ്വാസങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു മഹാവീരൻ.

പാർശ്വനാഥ തീർത്ഥങ്കരന്റെ തത്വങ്ങളെയും വചനങ്ങളെയുമാണ് അദ്ദേഹം പ്രധാനമായും പിന്തുടർന്നത്. അദ്ദേഹത്തിന് സന്യാസിമാരും സാധാരണക്കാരുമായി നാലു ലക്ഷത്തോളം അനുയായികളുണ്ടായിരുന്നുവെന്ന് പറയുന്നു.

ദൈവത്തെ സംബന്ധിച്ച സൃഷ്ടി സ്ഥിതി സംഹാര സങ്കൽപങ്ങളെ മഹാവീരൻ അംഗീകരിച്ചില്ല. വ്യക്തി താത്പര്യങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കും ദൈവത്തെ ആരാധിക്കുന്നതിനെ അദ്ദേഹം ശക്തിയായി എതിർത്തു.

ആത്മാവിന്റെ ആന്തരിക സൗന്ദര്യത്തിനും അർത്ഥത്തിനുമായിരുന്നു മഹാവീരൻ പ്രാധാന്യം നൽകിയിരുന്നത്. വസ്ത്രങ്ങളുൾപ്പടെയുള്ള സകല ലൗകിക വസ്തുക്കളും ത്യജിച്ചു കൊണ്ടാണ് മഹാവീരൻ സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത്.

ഗൗതമ സിദ്ധർത്ഥന്റെ സമകാലികൻ കൂടിയായിരുന്നു മഹാവീരൻ. പന്ത്രണ്ട് വർഷത്തോളം മൗനത്തിലും ധ്യാനത്തിലും കഴിച്ചുകൂട്ടിയ മഹാവീരൻ ആഗ്രഹങ്ങളെയും ബന്ധങ്ങളെയും വികാരങ്ങളെയും അടിച്ചമർത്തുകയും സകല ചരാചരങ്ങളോടും അഹിംസ പാലിക്കുകയും ചെയ്തു.

തന്റെ ആത്മീയശക്തികൾ ഉണരുകയും പൂർണതയും അറിവും ശക്തിയും നേടുകയും ചെയ്തതോടെ മഹാവീരൻ പൂർണ്ണ പ്രബോധോദയം എന്ന അവസ്ഥ പ്രാപിച്ചു.

അഹിംസ പാലിക്കുക/സത്യം പറയുക/ഒന്നും മോഷ്ടിക്കാതിരിക്കുക/ബ്രഹ്‌മചര്യം അനുഷ്ടിക്കുക/ആരോടും ബന്ധുത പുലർത്താതിരിക്കുക എന്നിവയാണ് അഞ്ച് ജൈന തത്വങ്ങൾ.

എന്നാൽ ജൈനതത്വങ്ങൾ പിന്തുടരുന്ന സാധാരണക്കാർക്ക് അവരുടെ ജീവിത ശൈലിയും അനുവദനീയമായിരുന്നു. സ്ത്രികളെ ഒരിക്കലും ജൈനമതം അകറ്റി നിർത്തിയിരുന്നില്ല.

ബി.സി. 527 ൽ എഴുപത്തിരണ്ടാം വയസ്സിൽ മോക്ഷം പ്രാപിക്കുന്നതുവരെ മഹാവീരൻ നഗ്‌നപാദനായി ഇന്ത്യയിലങ്ങേളാമിങ്ങോളം സഞ്ചരിച്ച് ജനനം/മരണം/വേദന/ദുരിതം എന്നിവയിൽ നിന്നെങ്ങനെ പൂർണമായി സ്വതന്ത്രമാകാം എന്നത് സംബന്ധിച്ച് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു.

ആഗമ് സൂത്രാസ് എന്നറിയപ്പെടുന്ന മഹാവീരന്റെ പ്രഭാഷണങ്ങൾ തലമുറകളായി വായ്‌മൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. എന്നാൽ ഇവ പിന്നീട് നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ഉണ്ടായി.

ജൈനരെ സംബന്ധിച്ച് ഏറ്റവും വലിയ മതാഘോഷങ്ങളിൽ ഒന്നാണ് മഹാവീർ ജയന്തി. പ്രഭാതത്തിൽ മഹാവീര വിഗ്രഹത്തിന്റെ അഭിഷേകത്തോടെയാണ് ആചാരങ്ങൾക്ക് തുടക്കമാവുക. വിഗ്രഹത്തെ ഒരു തൊട്ടിലിൽ കിടത്തി നടത്തുന്ന ഘോഷയാത്ര ഏറെ ആകർഷണീയമായ ഒന്നാണ്.