ചെന്നൈ: സ്വന്തം കാർ കത്തിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള നീക്കത്തിനിടെ ബിജെപി ജില്ലാ സെക്രട്ടറി തമിഴ്‌നാട്ടിൽ അറസ്റ്റിൽ. ഈ മാസം 14-ന് രാത്രിയാണ് ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാർ സ്വന്തം കാർ കത്തിനശിച്ചത്. എന്നാൽ കാർ കത്തിച്ചത് മറ്റാരോ ആണെന്ന തരത്തിൽ അദ്ദേഹത്തിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ അറസ്റ്റ് ചെയ്ത സതീഷ് കുമാറിനെ പൊലീസ് പിന്നീട് വിട്ടയച്ചു.

ചെന്നൈ മധുരവോയൽ പ്രദേശത്തുള്ള വീടിന് മുന്നിൽ നിർത്തിയിട്ട കാറാണ് കത്തിനശിച്ചത്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറ് കത്തിക്കലിന് പിന്നിലെ കള്ളം പൊളിഞ്ഞത്. വെള്ള ഷർട്ട് ധരിച്ച ഒരാൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനരികിലേക്ക് വരുന്നതും കാർ പരിശോധിക്കുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം. നിമിഷങ്ങൾക്കകം ഇരുണ്ട വസ്ത്രം ധരിച്ച മറ്റൊരാൾ കാറിലേക്ക് എന്തോ ഒഴിക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്യുന്നതും തുടർന്ന് തീയിടുന്നതും കാണാമായിരുന്നു.

കാറ് തീപിടിച്ചതിന് പിന്നാലെ സമീപവാസികളും സതീഷ് കുമാറിന്റെ ബന്ധുക്കളും ഓടിയെത്തി. അവർ പൊലീസിനേയും വിവരം അറിയിച്ചു. പെട്രോൾ ബോംബ് എറിഞ്ഞതാണെന്ന അഭ്യൂഹം പരന്നതോടെ ഉടൻ സംഭവ സ്ഥലത്തേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാറിന് തീയിട്ടത് സതീഷ് കുമാറിനോട് സാമ്യമുള്ള ആളാണെന്ന് പൊലീസിന് മനസ്സിലായി. ഇയാളെ ചോദ്യം ചെയ്തതോടെ താൻ തന്നെയാണ് കാറിന് തീയിട്ടതെന്ന് സമ്മതിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് സതീഷ് കുമാർ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ - കുറച്ചുകാലമായി സ്വർണാഭരണങ്ങൾ വാങ്ങുന്നതിനായി ഭാര്യ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ സ്വർണം വാങ്ങുന്നതിന് തന്റെ കൈയിൽ പണം ഉണ്ടായിരുന്നില്ല. കാറ് വിൽക്കാനും ഭാര്യ നിർബന്ധിച്ചു. തുടർന്ന് കാറ് കത്തിച്ച് ഇൻഷൂറൻസ് തുക കൈയിലാക്കുകയും ഭാര്യക്ക് സമ്മാനം നൽകാനും സതീഷ് പദ്ധതിയിടുകയായിരുന്നു. എന്നാൽ സമീപത്തെ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ തെളിവായതോടെയാണ് സതീഷിനെ പിടികൂടിയത്.