ചെന്നൈ: വിജയ് നായകനായ ബീസ്റ്റിനെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ഉയരുന്നത്. ചിത്രം പ്രതീക്ഷക്കൊത്തുയർന്നില്ലെന്ന് ചില ആരാധകർ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ഏപ്രിൽ 13നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്ത ബീസ്റ്റിന് കെ.ജി.എഫ് ചാപ്റ്റർ 2വിന്റെ റിലീസോടെ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.

വിജയുടെ സ്‌ക്രീൻ പ്രസൻസിന് പ്രശംസ ഉയരുമ്പോഴും നെൽസന്റെ സംവിധാനത്തിലെ പാളിച്ചകളും തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയുമാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ചിത്രത്തിലെ ചില രംഗങ്ങൾ ഒഴിവാക്കിയ വിവരം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടെററിസ്റ്റിനെ കൈമാറിയതിന് ശേഷം വിജയുടെ കഥാപാത്രമായ വീരരാഘവനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. തീവ്രവാദികളുമായി സമ്പർക്കം പുലർത്തിയതിന് മന്ത്രി അറസ്റ്റിലാകുന്ന ദൃശ്യങ്ങളുമുണ്ട്.

എന്നാൽ സെൻസർഷിപ്പ് പ്രശ്‌നങ്ങൾ കാരണമാണ് ഈ രംഗങ്ങൾ സിനിമയിൽ നിന്നും നീക്കം ചെയ്തത്. ബീസ്റ്റിലെ ഡിലീറ്റ് ചെയ്ത സീനുകൾ അണിയറ പ്രവർത്തകർ ഉടൻ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരാധകരെ തൃപ്തിപ്പെടുത്താനും കൂടി ലക്ഷ്യമിട്ടാണ് ഈ രംഗങ്ങൾ കട്ട് ചെയ്തത്.

ടെററിസ്റ്റുകൾ ഹൈജാക്ക് ചെയ്ത മാളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനെത്തുന്ന മുൻ റോ ഏജന്റായാണ് വിജയ് ചിത്രത്തിലെത്തുന്നത്. സൺ പിക്ചേഴ്സ് നിർമ്മിച്ച ബീസ്റ്റിന്റെ തിരക്കഥയെഴുതിയതും നെൽസൺ തന്നെയാണ്. പൂജ ഹെഗ്ഡേ, സെൽലരാഘവൻ, യോഗി ബാബു, അപർണ ദാസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.