ലഖ്നൗ: ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ, ജനങ്ങൾ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി ഉത്തർ പ്രദേശ് സർക്കാർ. സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിലും പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഇതിനു പിന്നാലെയാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

തലസ്ഥാനമായ ലക്‌നൗവിലും ആറ് ദേശീയ തലസ്ഥാന പ്രദേശങ്ങളിലും (എൻസിആർ) മാസ്‌ക് നിർബന്ധമാക്കി. അയൽ സംസ്ഥാനമായ ഡൽഹിയിലും മറ്റും കോവിഡ് കേസുകൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് നടപടി. എൻസിആർ മേഖലകളായ ഗൗതം ബുദ്ധ നഗർ, ഗസ്സിയാബാദ്, ഹാപുർ, മീററ്റ്, ബുലന്ദ്ഷഹർ, ഭാഗ്പത് എന്നിവിടങ്ങളിലാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. ഇവിടങ്ങളിലെ ഇനിയും വാക്സിൻ സ്വീകരിക്കാത്തയാളുകളിൽ കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യും.

കഴിഞ്ഞ 24 മണിക്കൂറിനിടെ യു.പിയിലെ ഗൗതം ബുദ്ധ നഗറിൽ 65 പുതിയ കോവിഡ് കേസുകളും ഗസ്സിയാബാദിൽ 20 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ലഖ്നൗവിൽ പത്തുപേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മേഖലകളിൽ കർശന നിരീക്ഷണം നടത്താനും ആദിത്യനാഥ് നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യതലസ്ഥാന മേഖലയിൽ ഈയടുത്ത് നടത്തിയ കോവിഡ് വൈറസ് ജനിതക ശ്രേണീകരണത്തിൽ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു. രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട് എന്നാൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതോ നില ഗുരുതരമാകുന്നതോ ആയ അവസ്ഥയ്ക്ക് സാധ്യത കുറവാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് ഉണ്ടാകുന്നുണ്ട്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽനിന്ന് 90 ശതമാനത്തോളം അധികം കോവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 2183 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1,150 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്.

11 ആഴ്ചകളോളം തുടർച്ചയായി കോവിഡ് കേസുകളിൽ കുറവു വന്നെങ്കിലും ഡൽഹി, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളിൽ ഈയാഴ്ച പുതിയ രോഗബാധിതരുടെ എണ്ണം വർധിച്ചു. അവസാന ഏഴു ദിവസത്തെ കണക്കിൽ മുൻപത്തെ ആഴ്ചയിലേതിനെക്കാൾ 35% കുതിപ്പാണ് ഉണ്ടായതെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 11 17 ആഴ്ചയിൽ 6,610 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനു മുൻപത്തെ ആഴ്ചയിൽ 4,900 കേസുകളും.