ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ റെയിൽവേ പൊലീസിന് വീരമൃത്യു. പുൽവാമ ജില്ലയിലെ കാകപോറ മേഖലയിൽ നടന്ന ആക്രമണത്തിലാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്.

ഭീകരാക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ റെയിൽവേ സ്റ്റേഷന് പുറത്ത് ചായകുടിക്കുന്നതിനിടെയാണ് ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.

ജമ്മുകശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീകരർ പൊലീസിനെ ആക്രമിച്ചത്.