- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച പ്രൊഫഷണലുകൾക്കായി ഗ്രീൻ വിസ; പുതിയ വിസകൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: മികച്ച പ്രൊഫഷണലുകളെ എത്തിക്കാൻ ലക്ഷ്യമിട്ട് ഗ്രീൻ വിസ അടക്കം പുതിയ വിസകൾ പ്രഖ്യാപിച്ച് യുഎഇ. സ്‌പോൺസർ ഇല്ലാതെ അനുവദിക്കുന്ന വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള സന്ദർശനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന തരത്തിൽ വിവിധ കാലയളവ് ദൈർഘ്യമുള്ള വിസകളും ഇനി മുതൽ ലഭ്യമാവും. എല്ലാ വിസകളിലും സിംഗിൾ അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി സൗകര്യം ലഭ്യമാവുകയും വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാൻ സാധിക്കുകയും ചെയ്യും.
രാജ്യത്ത് ലഭ്യമാവുന്ന തൊഴിൽ അവസരങ്ങളിലേക്ക് മികച്ച പ്രൊഫഷണലുകളെ എത്തിക്കാൻ ലക്ഷ്യമിട്ട് അഞ്ച് വർഷം കാലാവധിയുള്ള ഗ്രീൻ വിസ എന്ന പുതിയ സംവിധാനമാണ് പ്രഖ്യാപിച്ചത്. യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഒന്ന്, രണ്ട്, മൂന്ന് തലങ്ങളിലെ ജോലികൾ ചെയ്യുന്നവർക്കും ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവർക്കും ഈ വിസ ലഭിക്കും. ബിരുദമാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. ശമ്പളത്തിൽ ഉൾപ്പെടെ മറ്റ് നിബന്ധനകളുമുണ്ട്.
നിക്ഷേപകരേയും സംരംഭകരേയും രാജ്യത്തേക്ക് ആകർഷിക്കാനായി നൽകുന്ന ഈ വിസയ്ക്ക് പ്രത്യേക സ്‌പോൺസർ ആവശ്യമില്ല. നിക്ഷേപകർക്ക് ബിസിനസ് വിസ നേടി യുഎഇയിലെത്തി നിക്ഷേപ അവസരങ്ങൾ തേടാം.
സാധാരണ ടൂറിസ്റ്റ് വിസകൾക്ക് പുറമെ അഞ്ച് വർഷത്തേക്ക് കാലവധിയുള്ളതും പല തവണ രാജ്യത്തിന് പുറത്തുപോയി മടങ്ങി വരാവുന്നതുമായ വിസകൾ ഇനി ലഭ്യമാവും. തുടർച്ചയായി 90 ദിവസം വരെയായിരിക്കും രാജ്യത്ത് തങ്ങാനാവുന്നതെങ്കിലും ഒരു തവണ കൂടി ദീർഘിപ്പിക്കാം. വർഷത്തിൽ പരമാവധി 180 ദിവസം മാത്രമേ യുഎഇയിൽ താമസിക്കാവൂ എന്നാണ് നിബന്ധന. ഈ വിസയ്ക്ക് സ്‌പോൺസർ ആവശ്യമില്ല. എന്നാൽ വിസയ്ക്ക് അപേക്ഷിക്കുന്നതിന് ആറ് മാസം മുമ്പ് വരെയെങ്കിലും 4000 ഡോളറോ തതുല്യമായ വിദേശ കറൻസിയോ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം.
യുഎഇയിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്ളവർക്ക് സ്‌പോൺസർ ആവശ്യമില്ലാത്ത പുതിയ വിസകൾ അനുവദിക്കും. പ്രൊബേഷൻ പോലെയോ പ്രൊജക്ടുകൾക്ക് വേണ്ടിയോ മറ്റോ താത്കാലിക അടിസ്ഥാനത്തിൽ യുഎഇയിൽ ജോലിക്ക് എത്തുന്നവർക്ക് ഇത്തരം വിസകൾ ലഭിക്കും. ഇതിന് സ്‌പോൺസർ ആവശ്യമാണ്. തൊഴിലുടമയിൽ നിന്നുള്ള താത്കാലിക തൊഴിൽ കരാറോ അല്ലെങ്കിൽ കത്തോ വേണം. ജോലിയുടെ സ്വഭാവം വിശദീകരിക്കുന്നതിന് പുറമോ ജോലി ചെയ്യാനുള്ള ആരോഗ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും വേണം.
കോഴ്‌സുകൾ ചെയ്യുന്നതിനോ പരിശീലനങ്ങൾക്കോ ഇന്റേൺഷിപ്പിനോ ആയി യുഎഇയിൽ എത്തുന്നവർക്ക് വിസ ലഭിക്കും. പഠന, ഗവേഷണ സ്ഥാപനങ്ങളോ സർവകലാശാലകളോ ആയിരിക്കും സ്‌പോൺസർമാർ. സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഇത്തരം വിസകൾ സ്‌പോൺസർ ചെയ്യാനാവും. സ്ഥാപനങ്ങളുടെ കത്ത് വിസ അനുവദിക്കാൻ ആവശ്യമാണ്.




