ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റോണാൾഡോവിന്റെ മകൻ മരണമടഞ്ഞതായി താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചു. 2021 ഒക്ടോബറിൽ തന്റെ പങ്കാളി ജോർജിന റോഡ്രിഗസ്സിൽ നിന്നും ഇരട്ടകുട്ടികളെ പ്രതീക്ഷിക്കുന്നതായി താരം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റോണാൾഡോയും ജോർജിനയും തങ്ങളുടെ മകൻ മരണമടഞ്ഞതിന്റെ വേദന പങ്കുവച്ചത്. ഇരട്ടക്കുട്ടികളായിരുന്നു പ്രസവത്തിൽ. മകൻ മരണമടഞ്ഞപ്പോൾ മകൾ സുഖമായി ഇരിക്കുന്നു എന്നും അവർ അറിയിച്ചു.

ഒരു മാതാപിതാക്കൾക്കും സഹിക്കാൻ കഴിയാത്ത ദുഃഖമാണ് തങ്ങൾ അനുഭവിക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് തങ്ങളുടെ മകന്റെ വിയോഗ വാർത്ത അവർ ലോകത്തെ അറിയിച്ചത്. ഈ ദുഃഖത്തിനിടയിലും, മുൻപോട്ട് പോകാനുള്ള കരുത്ത് നൽകുന്നത് മകളുടെ ജനനമാണെന്നും അത് ജീവിതത്തിൽ ചില പ്രത്യാശകളും പ്രതീക്ഷകളും നൽകുന്നു എന്നും അവർ കുറിച്ചു. പ്രസവ സമയത്തും തുടർന്നും, ഏറ്റവും മെച്ചപ്പെട്ട ചികിത്സയൊരുക്കിയ ഡോക്ടർമാർക്കും നഴ്സുമാർക്കും ഇരുവരും നന്ദിയും രേഖപ്പെടുത്തുന്നുണ്ട്.

മകന്റെ വിയോഗത്തിൽ മനസ്സ് പതറിയിരിക്കുന്ന തങ്ങൾക്ക് ഇപ്പോൾ ആവശ്യം അൽപം സ്വകാര്യതയാണെന്ന് പറഞ്ഞ അവർ, കൊതിതീരും വരെ ജീവിക്കാൻ കഴിയാതെ പോയ മകൻ തങ്ങളുടെ മാലാഖയാണെന്നും അവനെ ഒരുപാട് സ്നേഹിക്കുന്നു എന്നും പറയുന്നുണ്ട്. ഈ അറിയിപ്പ് വന്നതിനു തൊട്ടുപിന്നാലെ താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടിലേക്ക് അനുശോചനങ്ങളുടെയും സാന്ത്വന വചനങ്ങളുടെയും പ്രവാഹമാണ്. നിങ്ങളുടെ വേദന ഞങ്ങളുടെയും വേദനയാണ്. നിങ്ങൾക്കും കുടുംബത്തിനും ഒരുപാട് സ്നേഹവും കരുത്തും ഇതോടൊപ്പം നേരുന്നു എന്നായിരുന്നു റൊണാൾഡോയുടെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫീഷ്യൽ ഐഡിയിൽ നിന്നുള്ള സന്ദേശം.

ഞങ്ങളുടെ കുഞ്ഞുമാലാഖ ഞങ്ങളുടെ അച്ഛന്റെ മടിയിൽ ഇരുന്നു കളിക്കുകയാണെന്നായിരുന്നു റൊണാൾഡോയുടെ സഹോദരി കാറ്റിയ അവെയ്റോ കുറിച്ചത്. 2005-ൽ അമിതമദ്യപാനത്തെ തുടർന്ന് മരണമടഞ്ഞ റൊണാൾഡോയുടെ പിതാവിനെയായിരുന്നു അവർ പരാമർശിച്ചത്. സഹോദരന് ഈ ദുഃഖത്തെ നേരിടാനുള്ള കരുത്തു നൽകുവാനും അവർ പ്രാർത്ഥിക്കുന്നുണ്ട്. തൊട്ടു പുറകെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ സഹ താരങ്ങളും മറ്റു പല പ്രമുഖ വ്യക്തികളും സാന്ത്വന വചനങ്ങളുമായി എത്തി.

റോണാൾഡോയ്ക്ക് ജോർജിനയിൽ മൂന്നു വയസ്സുള്ള ഒരു മകൾ ഉണ്ട്. അതിനുപുറമെ 11 വയസ്സുള്ള ഒരു മകനും നാലുവയസ്സുള്ള ഇരട്ട പെൺകുട്ടികളും റൊണാൾഡോയ്ക്കുണ്ട്. മൂത്തമകൻ 1010-ൽ അമേരിക്കയിലാണ് ജനിച്ചത്. പക്ഷെ ജനിച്ച ഉടനെ സ്പെയിനിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ കുട്ടിയുടെ അമ്മ ആരെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2017-ൽ സറോഗസിയിലൂടെയാണ് താരം ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നത്. അതിനുശേഷമായിരുന്നു ജോർജിന ആദ്യകുഞ്ഞിന് ജന്മം നൽകുന്നത്.

മാഡ്രിഡിൽ ഒരു റീടെയ്ൽ അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടയിൽ 2016- ൽ ആയിരുന്നു ജോർജിന റൊണാൾഡോവിനെ കണ്ടുമുട്ടുന്നതും ഇരുവരും ബന്ധം ആരംഭിക്കുന്നതും. തന്റെ പ്രിയപ്പെട്ട ജഴ്സി നമ്പറിനെ പരാമർശിച്ചുകൊണ്ട് തനിക്ക് ഏഴ് കുട്ടികൾ വേണമെന്നായിരുന്നു റോണാൾഡോ എപ്പോഴും പറഞ്ഞിരുന്നത്.