- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കീവിൽ നിന്നും പിന്മാറിയ റഷ്യൻ സേന ഡോൺബാസ് പിടിക്കാനുള്ള അന്തിമ യുദ്ധം തുടങ്ങി; ഡോൺബാസ് ഏതു നിമിഷവും നഷ്ടമാകുമെന്ന് സമ്മതിച്ച് സെലെൻസ്കിയും; യുക്രെയിനെ വിഭജിക്കാൻ ഉറച്ച് പുടിൻ
ആശ്വാസ വിജയത്തിനായി റഷ്യ രണ്ടും കൽപ്പിച്ചിറങ്ങിയതോടെ ഡോൺബാസ് മേഖലയിൽ യുദ്ധം കടുത്തതായി യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി പ്രസ്ഥാവിച്ചു. കീവിൽ ആഴ്‌ച്ചകളോളം നീണ്ട പോരാട്ടത്തിനൊടുവിൽ ദയനീയ പരാജയം സംഭവിച്ച റഷ്യൻ സൈന്യം ഇപ്പോൾ ഡോൺബാസ് മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 2014- മുതൽ തന്നെ ഈ മേഖല ഭാഗികമായി റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്.
ഈ മാസം ആദ്യം തന്നെ യുക്രെയിൻ തലസ്ഥാന പരിസരത്തുനിന്നും സേനയെ റഷ്യ പിൻവലിക്കാൻ തുടങ്ങിയിരുന്നു. യുദ്ധം ഏതാണ് അവസാനിക്കുന്നു എന്ന സൂചന ലഭിക്കുന്നതിനിടയിലായിരുന്നു കീവിന് തെക്ക് കിഴക്ക് മാറി റഷ്യ വീണ്ടും സൈന്യത്തെ പുനർവിന്യസിച്ചത്. വലിയൊരു വിഭാഗം റഷ്യൻ സൈന്യം ഇപ്പോൾ ഡോൺബാസിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നാണ് സെലെൻസ്‌കി പറയുന്നത്. എത്രയധികം റഷ്യൻ സൈനികരുണ്ടെങ്കിലും തങ്ങൾ പ്രതിരോധം തുടരുമെന്നും സെലെൻസ്‌കി വ്യക്തമാക്കി.
യുക്രെയിനിലെ പ്രധാന നഗരങ്ങൾ പിടിച്ചെടുക്കാനുള്ള പരാജയപ്പെട്ട ശ്രമങ്ങൾക്ക് ഒടുവിൽ നേരത്തേ സ്വതന്ത്ര രാഷ്ട്രങ്ങളായി റഷ്യ പ്രഖ്യാപിച്ച ഡോണ്ട്സ്‌കും ലുഹാൻസ്‌കും പിടിച്ചെടുക്കാനാണ് ഇപ്പോൾ റഷ്യ ശ്രമിക്കുന്നത്. ഈ മേഖലയിലെ ഗവർണർ സെർജീ ഗായ്ഡേയുമ്മ് യുദ്ധം ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ കിഴക്കൻ യുക്രെയിനിൽ നടന്ന റഷ്യൻ ഷെൽ ആക്രമണത്തിൽ ചുരുങ്ങിയത് എട്ട് സാധാരണ പൗരന്മാരെങ്കിലും മരണമടഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
റഷ്യൻ വംശജർ ധാരാളമായുള്ള ഈ മേഖലകളിൽ കീവിലെ നവ നാസി ഭരണകൂടം റഷ്യൻ വംശഹത്യ നടത്താതിരിക്കുവാനാണ് ഈ യുദ്ധം എന്നായിരുന്നു പുടിൻ പറഞ്ഞത്. ആക്രമണം ആരംഭിക്കുന്നതിനു മുൻപ് തന്നെ പുടിൻ ഈ രണ്ടു പ്രവിശ്യകളെ സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. അതിനിടയിൽ, 20,600 റഷ്യൻ സൈനികരെ കൊന്നു എന്ന അവകാശവാദവുമായി യുക്രെയിൻ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ കണക്കുകൾ പ്രകാരം കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം 7000 നും 15000 നും ഇടയിലായിരിക്കും എന്നാണ് കാണിക്കുന്നത്.
യുദ്ധം 55-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, റഷ്യയുടെ ആന്റി മിസൈൽ ബ്രിഗേഡിന്റെ കമാൻഡർ കേണൽ ഐവാൻ ഗ്രിഷിൻ ഖാർകിവിൽ കൊല്ലപ്പെട്ടതായും യുക്രെയിൻ അറിയിച്ചു. ഇതോടെ 35 ഉന്നത സൈനിക ഉദ്യോഗസ്ഥരെയാണ് റഷ്യയ്ക്ക് ഈ പോരാട്ടത്തിൽ നഷ്ടമായത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു യുദ്ധത്തിൽ ഇത്രയധികം ഉന്നത സൈനികോദ്യോഗസ്ഥർ വധിക്കപ്പെടുന്നത് ഇതാദ്യമായാണെന്നാണ് കരുതപ്പെടുന്നത്.
അതിനിടയിൽ യുക്രെയിൻ സൈനികർക്ക് ഹൊവൈറ്റ്സർ ആർട്ടില്ലറിയിൽ പരിശീലനം നൽകുമെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി അറിയിച്ചു. യുക്രെയിനു പുറത്തായിരിക്കും പരിശീലനം നൽകുക എന്നു പറഞ്ഞ കിർബി പക്ഷെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. കഴിഞ്ഞയാഴ്‌ച്ച 800 മില്യൺ ഡോളറിന്റെ സൈനിക സഹായം ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്ര വലിയ ആർട്ടിലറി സിസ്റ്റങ്ങൾ യുക്രെയിന് നൽകുന്നത് ഇതാദ്യമായിട്ടാണ്.
ഞങ്ങളുടെ മക്കളെവിടെ? മോസ്‌ക്വായിലെ നാവികരുടെ അമ്മമാർ പൊട്ടിത്തെറിക്കുന്നു
അതിനിടയിൽ, യുക്രെയിൻ മിസൈൽ ആക്രമണത്തിൽ തകർന്ന റഷ്യൻ പടക്കപ്പലായ മോസ്‌ക്വായിൽ ഉണ്ടായിരുന്ന നാവികരുടെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. മോസ്‌ക്വാ മുങ്ങിയപ്പോൾ എത്ര സൈനികർ കൊല്ലപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇന്നലെ റഷ്യ അവകാശപ്പെട്ടത് 514 പേരെ രക്ഷപ്പെടുത്താനായി എന്നാണ്.
കത്തിയെരിയുന്ന കപ്പലിന്റെ വീഡിയോയ്ക്കൊപ്പം രക്ഷപ്പെട്ട സൈനികരുടെ ചിത്രങ്ങളും ഇന്നലെ റഷ്യൻ ടെലിവിഷൻ ചാനലുകളീൽ കാണിച്ചിരുന്നു. എന്നാൽ, ഒരേ ആൾക്കാർ തന്നെ വീണ്ടും വീണ്ടും വരുന്ന ഈ വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്ന ആരോപണം ഉയരുന്നുണ്ട്. പണ്ട് ചിത്രീകരിച്ച് വീഡിയോകൾ യോജിപ്പിച്ചുകൊണ്ടുള്ള ഒരു അഭ്യാസമാണ് അതെന്നാണ് പരക്കെയുള്ള അഭിപ്രായം.
രക്ഷപ്പെടുത്തി എന്ന് അവകാശപ്പെടുമ്പോഴും തങ്ങളുടെ മക്കൾ തിരിച്ചെത്താത്തതിൽ ആശങ്കപൂണ്ട അമ്മമാരും മറ്റു കുടുംബാംഗങ്ങളുമാണ് ഇപ്പോൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 40 പേരെങ്കിലും മരണമടഞ്ഞിരിക്കും എന്നാണ് അവർ വിശ്വസിക്കുന്നത്. അതേസമയം പാശ്ചാത്യ കേന്ദ്രങ്ങൾ പറയുന്നത് നൂറിലധികം പേർ മരണമടഞ്ഞിരിക്കും എന്നാണ്. യുക്രെയിൻ തൊടുത്തുവിട്ട നെപ്ട്യുൺ കപ്പൽ വേധ മിസൈലാണ് കപ്പലിന്റെ ഇന്ധന ടാങ്കിൽ കൃത്യമായി തുളച്ചുകയറി സ്ഫോടനത്തിനും അഗ്‌നിബാധക്കും ഇരയാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ