ഫോളൻ കിങ്ഡം എന്ന 2018-ൽ ഇറങ്ങിയ സിനിമയുടെ തുടർച്ചയായി ജുറാസ്സിക് വേൾഡ് ഡൊമിനിയൻ എന്ന പുതിയ സിനിമയെത്തുമ്പോൾ അതിൽ മലയാളി സാന്നിദ്ധ്യവും ഉണ്ടാകും. ജുറാസിക് പാർക്ക് സീരീസിലെ ആറാമത്തെ ചിത്രമാണിത്. ജുറാസിക് വേൾഡ് ത്രയത്തിലെ മൂന്നാമത്തെ ചിത്രമായ ഇതിന്റെ കഥാതന്തു ആരംഭിക്കുന്നത് ജുറാസിക് പാർക്ക് ത്രയത്തിൽ നിന്നു തന്നെയാണ്. ജൂൺ 10 നാണ് ഇത് ബ്രിട്ടനിലെ തീയറ്ററുകളിൽ എത്തുന്നത്.

ലോകമാകമാനമുള്ള മലയാളികൾക്ക് അഭിമാനിക്കാൻ ഇതിൽ വകയുണ്ട്. ഇതിലെ ശിർ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത് ഒരു യു കെ മലയാളിയായ വരദ സേതുവാണ്. അടുത്തിടെ എംപയർ മാസികയിൽ ഈ ചിത്രത്തെ കുറിച്ചൊരു ഫീച്ചർ വന്നിരുന്നു. അതിലെ കിത്രം മാഗസിൻ ട്വീറ്റ് ചെയ്തത്, ഹോളിവുഡിലെ രണ്ട് പ്രശസ്തർക്കൊപ്പം നിൽക്കുന്ന വരദയുടെ ചിത്രത്തോടുകൂടിയായിരുന്നു. അതായത്, ഒട്ടും അപ്രധാനമല്ലാത്ത ഒരു കഥാപാത്രത്തെ തന്നെയാണ് വരദ അവതരിപ്പിക്കുന്നത് എന്ന് ചുരുക്കം.

താൻ കുട്ടിക്കാലം മുതൽ കണ്ടുവളർന്ന രണ്ട് അഭിനയ പ്രതിഭകൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നത് ഇന്നും വരദയ്ക്ക് വിശ്വസിക്കാനായിട്ടില്ല എന്നാണ് വരദയുടെ പിതാവ് ട്വീറ്റ് ചെയ്തത്. അവൾ സ്വയം നുള്ളി നോക്കുകയായിരുന്നത്രെ, ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് ഉറപ്പുവരുത്താൻ.

അറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് നടിയാണ് യു കെ മലയാളികളുടെ അഭിമാനമായ വരദ സേതു. ബി ബി സിയിലെ, ലോകനാശം പ്രവചിക്കുന്ന പരമ്പരയായ ഹാർഡ് സൺ എന്ന സീരിയലിലൂടെയാണ് വരദ കൂടുതൽ പ്രശസ്തയാകുന്നത്. അതിൽ ഡി എസ് മിഷാൽ അലി എന്ന കഥാപാത്രത്തെയാണ് വരദ അവതരിപ്പിച്ചത്. നൗ യു സീ മി യുടെ രണ്ടാം ഭാഗത്തിൽ മൈക്കൽ കെയ്ൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹായി ആയിട്ടും വരദ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതുപോലെ സ്‌കൈ പ്രൊഡക്ഷൻസിന്റെ ആക്ഷൻ ത്രില്ലർ ചിത്രമായ സ്ട്രൈക്ക് ബാക്കിൽ രണ്ടാമത്തെ ലീഡ് ആക്ട്രസ്സാണ് വരദ. അവർ, എം ഐ 5 ഏജന്റ് മനിഷ ഛേത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമ മലേഷ്യ, ഹോങ്കോംഗ്, വെനീസ് കൊയേഷ്യ തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരിച്ചത്.

മലയാളികളായ ഡോക്ടർ ദമ്പതികൾക്ക് കേരളത്തിൽ ജനിച്ച മകളാണ് വരദ. വരദയ്ക്ക് ഒരു ഇരട്ട സഹോദരികൂടിയുണ്ട്. അഭയ സേതു എന്ന ഇവർ ഇപ്പോൾ കാസ്റ്റിങ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. വളരെ കുട്ടിക്കാലത്തു തന്നെ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ മേഖലയിലേക്ക് താമസം മാറ്റിയ വരദ് ന്യുകാസിൽ അപ്പോൾ ടൈനിലാണ് വളർന്നത്. ഒരു നർത്തകി എന്നനിലയിലും, സ്റ്റേജ് ആർട്ടിസ്റ്റ് എന്ന നിലയിലും മലയാളികൾക്കിടയിൽ ഏറെ പ്രശ്സ്തയാണ് വരദ.

ഇപ്പോൾ ലണ്ടനിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന വരദ ലോക്ക്ഡൗൺ കാലത്ത് ആറു പ്രൊജക്ടുകളാണ് പൂർത്തിയാക്കിയത്. ഇതിൽ ഒന്ന് പ്രശസ്ത സംവിധായകൻ ജയരാജിന്റെ പ്രമദവനം എന്ന മലയാള ചിത്രമാണ്. ഈ ചിത്രത്തിലെ നായിക വേഷമാണ് വരദ കൈകാര്യം ചെയ്യുന്നത്. കൈലാഷ്, ഉണ്ണി മുകുന്ദൻ എന്നിവർ നായകരായി എത്തുന്ന ചിത്രം മാധവിക്കുട്ടിയുടെ ''ശർക്കര കൊണ്ടു തുലാഭാരം'' എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ്.