- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് വൈത്തിരിയിൽ തേയിലത്തോട്ടത്തിൽ രണ്ടു കടുവകൾ ഇറങ്ങി; ജനങ്ങൾ ഭീതിയിൽ; വനപാലകർ സ്ഥലത്തെത്തി
വയനാട്: വൈത്തിരിയിൽ കടുവ ഇറങ്ങി. തളിമല വേങ്ങക്കോട് തേയില എസ്റ്റേറ്റിലാണ് രണ്ട് കടുവകളെ കണ്ടത്. രാവിലെ ജോലിക്കെത്തിയ തോട്ടം തൊഴിലാളികളാണ് കടുവകളെ കണ്ടത്. തേയില തോട്ടത്തിൽ നിന്ന് വനമേഖലയിലേക്കാണ് കടുവകൾ നീങ്ങിയതെന്ന് തൊഴിലാളികൾ പറഞ്ഞു.
വനത്താൽ ചുറ്റപ്പെട്ട എസ്റ്റേറ്റാണിത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് കടുവയെ കണ്ടത്. തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവയെ പിന്നീട് കാണാനായില്ല.
ആദ്യമായാണ് ഇവിടെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് തൊട്ടടുത്ത് വലിയ ജനവാസ കേന്ദ്രമുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങൾ വലിയ ഭീതിയിലാണ്. നിരവധി സഞ്ചാരികൾ എത്തുന്ന പ്രദേശം കൂടിയാണിത്.
സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിലാണ് പൂഞ്ചോല. കടുവകളെ കണ്ട തോട്ടത്തിനടുത്ത് ധാരാളം സന്ദർശകരെത്തുന്ന പൂഞ്ചോല വെള്ളച്ചാട്ടവുമുണ്ട്. കടുവകളെ തുരത്താനായി വനപാലകർ സ്ഥലത്തെത്തി.




