മുംബൈ: ഇൻഡിഗോ വിമാനത്തിൽ തന്റെ അവസാന പ്രവർത്തി ദിനത്തിൽ വിമാന യാത്രക്കാരോട് വിടപറയുന്നതിനിടെ കണ്ണീരണയുന്ന എയർഹോസ്റ്റസാണ് സാമൂഹിക മാധ്യമങ്ങളിലെ താരം. ഇൻഡിഗോ വിമാനത്തിലെ എയർഹോസ്റ്റസായ സുരഭിയാണ് വിടപറയുന്നതിനിടെ കണ്ണീരണിഞ്ഞത്.

വിമാനത്തിലെ അനൗൺസ്മെന്റ് സംവിധാനത്തിലൂടെ യാത്രക്കാരോട് സംസാരിക്കുന്നതിനിടെ എയർ ഹോസ്റ്റസ് എല്ലാവർക്കും നന്ദി പറഞ്ഞു. കമ്പനിയിൽ നിന്ന് പോകാൻ മനസ്സ് അനുവദിക്കുന്നില്ലെങ്കിലും അത് അനിവാര്യമാണെന്ന് അവർ പറഞ്ഞു.

ഇൻഡിഗോയിലെ തന്റെ ജീവിതത്തിനെ കുറിച്ച് പറയുന്നതിനിടെ പലപ്പോഴും അവർ കണ്ണീരണിഞ്ഞു. തങ്ങളുടെ ജീവനക്കാരെ നല്ല രീതിയിൽ പരിഗണിക്കുന്ന യാത്രക്കാർക്കും സുരഭി നന്ദി പറഞ്ഞു.

 
 
 
View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)

ഇൻഡിഗോയുടെ യാത്രക്കാരായ പലരും സുരഭിയെ പ്രശംസിച്ചു. 'നിങ്ങളൊരു മികച്ച എയർഹോസ്റ്റസാണ് സുരഭി. അതിനപ്പുറം ഒരു നല്ല വ്യക്തിയാണ്. മുഖത്ത് ഒരു പുഞ്ചിരിയോടെയല്ലാതെ നിങ്ങളെ ഞാൻ കണ്ടിട്ടേയില്ല. എന്റെ യാത്രകളിൽ നിങ്ങളെ ഞാൻ മിസ്സ് ചെയ്യും. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു'.- ഒരു ഇൻസ്റ്റഗ്രാം ഉപഭോക്താവ് കുറിച്ചു. മറ്റനേകം പേരും സുരഭിയോടൊത്തുള്ള ഒർമകൾ പങ്കുവെക്കുകയും ആശംസകൾ നേരുകയും ചെയ്തു.

ഗായിക അമൃത സുരേഷാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കുറഞ്ഞ സമയം കൊണ്ടുതന്നെ വീഡിയോ വൈറലായി. അതിമനോഹരമായ ഒരു യാത്രയയപ്പായിരുന്നു അതെന്നും അത് തന്റെ ഹൃദയത്തെ സ്പർശിച്ചെന്നും അമൃത സുരേഷ് കുറിച്ചു.