- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം: പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്
കൊളംബോ: ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ നടത്തുന്ന സർക്കാർവിരുദ്ധ പ്രതിഷേധത്തിനു നേരെ ഇതാദ്യമായാണ് പൊലീസ് വെടിവെക്കുന്നത്. ആൾക്കൂട്ടം അക്രമാസക്തരാവുകയും തങ്ങളുടെ നേരെ കല്ലെറിയുകയും ചെയ്തതോടെ വെടിവെക്കാൻ നിർബന്ധിതരാവുകയായിരുന്നെന്ന് ലങ്കൻ പൊലീസ് വക്താവ് പറഞ്ഞു.
തലസ്ഥാനമായ കൊളംബോയിൽനിന്ന് 95 കിലോമീറ്റർ അകലെയുള്ള റംബുക്കാനയിലാണ് വെടിവെപ്പുണ്ടായത്. ഇന്ധനക്ഷാമം അതിരൂക്ഷമായതും വിലക്കയറ്റവുമാണ് ആളുകളെ പ്രകോപിപ്പിച്ചത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഇന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ആയിരക്കണക്കിന് വാഹന ഉടമകളാണ് ടയറുകൾ കത്തിച്ചും കൊളംബോയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയും പ്രതിഷേധം പ്രകടിപ്പിച്ചത്.
രൂക്ഷമായ എണ്ണക്ഷാമവും, ഉയർന്ന വിലയിലും പ്രതിഷേധിച്ചാണ് തലസ്ഥാനമായ കൊളംബോയിൽ നിന്ന് 95 കിലോമീറ്റർ അകലെയുള്ള റംബുക്കാനയിൽ ജനങ്ങൾ ഹൈവേ ഉപരോധിച്ചിരുന്നു. നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
രാജ്യത്തെ പ്രധാന പെട്രോൾ ചില്ലറ വിതരണസ്ഥാപനം ഇന്ന് വില 65 ശതാമനത്തിലധികം വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ലങ്കൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപറേഷൻ ഒരു ലിറ്റർ 92 ഒക്ടെയ്ൻ പെട്രോളിന്റെ വില 84 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ പെട്രോൾ ലിറ്ററിന് വില 338 രൂപയായി ഉയരുകയും ചെയ്തു.
രാജ്യത്തെ പ്രധാന ശിശു ആശുപത്രിയിലെ ഡോക്ടർമാരും ഇന്നു പ്രതിഷേധം നടത്തിയിരുന്നു. മരുന്നുകളുടെയും ഉപകരണങ്ങളുടെയും ദൗർലഭ്യം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം.
അവശ്യവസ്തുക്കളായ ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയവ ഇറക്കുമതി ചെയ്യാൻ വിദേശനാണ്യമില്ലാതെ വലയുകയാണ് ശ്രീലങ്ക. പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആരംഭിച്ച് ആഴ്ചകൾ പിന്നിടുകയുമാണ്. 1948-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. നേരത്തെ, ഇന്ധന വിലവർധനയ്ക്കെതിരെ 15 മണിക്കൂർ നീണ്ട പ്രതിഷേധത്തിന് ശേഷം പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രീലങ്കൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു




