- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണം ഇന്ന്; രാവിലെ ഒമ്പതിന് തുടങ്ങുന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും: ഇന്ത്യയിയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി മുഖ്യാതിഥിയാകും
തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പൊലീത്തയായി നിയമിതനായമാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണം ഇന്ന്. തലശ്ശേരി സെയ്ന്റ് ജോസഫ്സ് കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ ഒൻപതിന് സ്ഥാനാരോഹണച്ചടങ്ങ് തുടങ്ങും. ചടങ്ങുകൾക്ക് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. ഇന്ത്യയിയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി മുഖ്യാതിഥിയാകും.
ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിനൊപ്പം വിരമിക്കുന്ന മാർ ജോർജ് ഞരളക്കാട്ടിന് യാത്രയയപ്പും ബുധനാഴ്ച നടക്കും. സിറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകും. പൊതുസമ്മേളനം 11.30-ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും.
മെത്രാപ്പൊലീത്തയുടെ നിയമനപത്രിക തലശ്ശേരി അതിരൂപത ചാൻസലർ ഫാ. ഡോ. തോമസ് തെങ്ങുംപള്ളിൽ വായിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി.മുരളീധരൻ, തദ്ദേശസ്വയംഭരണ മന്ത്രി എം വിഗോവിന്ദൻ, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, വിവിധ രൂപതാധ്യക്ഷന്മാർ, എംപി.മാർ, എംഎൽഎ.മാർ തുടങ്ങിയവർ പങ്കെടുക്കും. കണ്ണൂർ, കാസർകോട് ജില്ലകളിലെ 250 പള്ളികളെ പ്രതിനിധീകരിച്ച് 5000 പേർ ചടങ്ങിനെത്തും.
തലശ്ശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയായി മാർ ജോസഫ് പാംപ്ലാനി ബുധനാഴ്ച അധികാരമേൽക്കുമ്പോൾ കുടിയേറ്റ ഗ്രാമമായ ചരളും അതിരറ്റ ആഹ്ലാദത്തിലാണ്. കുടിയേറ്റക്കാരുടെ അതിരൂപതയ്ക്ക് കുടിയേറ്റക്കാരനായ ഇടയന് ജന്മം നൽകിയ ഗ്രാമം തീർത്തും കുടിയേറ്റ മേഖലയാണ്. പാംപ്ലാനി പിതാവിലൂടെ ലോകം മുഴുവനുമറിയുന്ന ഗ്രാമമായി ചരൾ മാറിയതിലെ ആഹ്ലാദം ഗ്രാമത്തിലെ ഓരോ മുഖത്തും പ്രകടമാണ്. സ്ഥാനാരോഹണച്ചടങ്ങുപോലെത്തന്നെ സ്ഥാനലബ്ധിക്കുശേഷം അമ്മയുടെ അനുഗ്രഹം വാങ്ങാൻ പിറന്ന മണ്ണിലെത്തുന്ന ഇടയനുള്ള വരവേൽപ്പും അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് നാടൊന്നാകെ.
ഇരിട്ടിക്കടുത്ത് ചരൾ ഇടവകയിലെ പാംപ്ലാനിയിൽ പരേതനായ പി.ഡി.തോമസ്-പേരൂക്കുന്നേൽ മേരി ദമ്പതിമാരുടെ ഏഴുമക്കളിൽ അഞ്ചാമനായി 1969 ഡിസംബർ മൂന്നിനാണ് മാർ പാംപ്ലാനിയുടെ ജനനം. ചരൾ സെയ്ന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ, കിളിയന്തറ സെയ്ന്റ് തോമസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസവും കൂത്തുപറമ്പ് നിർമലഗിരി കോളേജിൽനിന്ന് പ്രീഡിഗ്രിയും വിജയിച്ചു. 1988 ഓഗസ്റ്റ് 14-ന് തലശ്ശേരി മൈനർ സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. തുടർന്ന് ആലുവ സെയ്ന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കി. 1997 ഡിസംബർ 30-ന് തലശ്ശേരി സെയ്ന്റ് ജോസഫ്സ് കത്തീഡ്രൽ ദൈവാലയത്തിൽവച്ച് മാർ ജോർജ് വലിയമറ്റത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
കുഞ്ഞുപ്രായത്തിൽ തന്നെ വൈദികനാകാനുള്ള മകന്റെ ആഗ്രഹം ദൈവം കണ്ടറിഞ്ഞ് സാധിച്ചുവെന്ന അമ്മ മേരിയുടെ വാക്കുകളാണ് ദൈവസന്നിധിയിലേക്കുള്ള മാർ ജോസഫ് പാംപ്ലാനിയുടെ വരവിനെ കൂടുതൽ കുരുത്തുറ്റതാക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ തന്നെ വെള്ള മുണ്ടെടുത്ത് പുതച്ച് ഞാൻ അച്ചനായി എന്നുപറഞ്ഞ് മുറിക്കുള്ളിലൂടെ ഓടിനടക്കുന്ന മകൻ അമ്മയുടെ ഓർമയിൽ ദൈവത്തിന്റെ പ്രിയപ്പെട്ടവനെന്നപോലെ ഇന്നും കൊച്ചുമകനാണ്. സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നത് പോലും ദൈവനിയോഗമായി കാണുകയാണ് പാംപ്ലാനി കുടുംബാഗങ്ങളും നാട്ടുകാരും.
അതിരൂപതയിലെ കുടിയേറ്റ കുടുംബങ്ങളിൽനിന്ന് ആദ്യമായാണ് സഹായ മെത്രാനും ഇപ്പോൾ ആർച്ച് ബിഷപ്പുമായിട്ടുള്ള മാർ ജോസഫ് പാംപ്ലാനിയുടെ ഉയർച്ച. കുടുംബാംഗങ്ങൾക്കും ചരളിലെ സുഹൃത്തുക്കൾക്കും സഹപാഠികൾക്കുമെല്ലാം ഇതേക്കുറിച്ച് പറയാനുള്ളത് ദൈവത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പെന്നാണ്. ഉയർന്ന മാർക്കോടെ എസ്.എസ്.എൽ.സി. കഴിഞ്ഞ ശേഷം സെമിനാരിയിൽ പോകണമെന്ന് ശഠിച്ചെങ്കിലും മാതാപിതാക്കളുടെ സ്നേഹനിർബന്ധത്തിന് വഴങ്ങി അദ്ദേഹം പ്രീഡിഗ്രി പഠനത്തിന് ചേർന്നു. മികച്ച മാർക്കോടെ പ്രീഡിഗ്രി പാസായപ്പോഴും സെമിനാരി മോഹത്തിന് മാറ്റമുണ്ടായില്ല. മെത്രാനായി മകൻ അഭിഷേകം ചെയ്യപ്പെടുന്നത് കാണാൻ ചാച്ചൻ ഇല്ലാത്തതിന്റെ സങ്കടം അമ്മ മേരിയുടെ വാക്കുകളിലുണ്ട്.
അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽനിന്ന് വിരമിച്ച മൂത്ത സഹോദരൻ പി.ടി.സെബാസ്റ്റ്യനാണ് തറവാട്ടുവീട്ടിലുള്ളത്. മറ്റ് സഹോദരങ്ങളായ ഡൽഹി ദാദാദേവ് മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ നഴ്സിങ് സൂപ്രണ്ട് ആൻസിലിൻ, കക്കിഞ്ചയിലുള്ള ഡെയ്സി, സിസ്റ്റേഴ്‌സ് ഓഫ് സെയ്ന്റ് അലോഷ്യസ് സഭാംഗവും വിശാഖപട്ടണം സെയ്ന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ഷൈനി, പെരുമ്പാവൂർ ക്രിസ്തുജ്യോതി മിഷൻ ഭവനിൽ സേവനം ചെയ്യുന്ന സി.എസ്.ടി വൈദികനായ ഫാ.ഡോ.അഗസ്റ്റിൻ, അമേരിക്കയിൽ ചാർട്ടേർഡ് അക്കൗണ്ടന്റായ ഷാജി പി.തോമസ് എന്നിവരും മറ്റു കുടുംബാംഗങ്ങളും മെത്രാഭിഷേകച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി തറവാട്ട് വീട്ടിൽ എത്തി.
ചരളിലെ വീട്ടിൽനിന്നുള്ള ഇരുപതംഗ സംഘം ഉൾപ്പെടെ ചരൾ ഗ്രാമത്തിൽനിന്നുള്ള നൂറോളം കുടുംബാംഗങ്ങളും നാട്ടുകാരും തലശ്ശേരി അതിരൂപതാ ആസ്ഥാനത്ത് നടക്കുന്ന അഭിഷേകച്ചടങ്ങുകളിൽ പങ്കെടുക്കും. അഭിഷിക്തനായശേഷം വീട്ടിലെത്തി ആർച്ച് ബിഷപ്പ് കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥിക്കും. അമ്മയുടെ അനുഗ്രഹം വാങ്ങും.
പേരാവൂർ സെയ്ന്റ് ജോസഫ്സ് ഫൊറോന ദൈവാലയത്തിൽ അസി. വികാരിയായിട്ടാണ് ആദ്യ നിയമനം. രണ്ടുവർഷത്തോളം ദീപഗിരി ഇടവക വികാരിയായി. തുടർന്ന് ഉപരിപഠനത്തിനായി ബെൽജിയത്തിലേക്ക് പോയി. 2006-ൽ ലുവൈനിലെ കാത്തലിക് സർവകലാശാലയിൽനിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടി. ജർമൻ, ഹീബ്രു, ഗ്രീക്ക് ഭാഷകളിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2004 മുതൽ 2006 വരെ ലുവൈൻ സർവകലാശാലയിൽ ബൈബിൾ വിജ്ഞാനീയത്തിൽ അസി. ലക്ചററും ഗവേഷകനുമായിരുന്നു. അമേരിക്ക, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിലെ വിവിധ ദൈവാലയങ്ങളിലും സേവനംചെയ്തിട്ടുണ്ട്.
തലശ്ശേരി അതിരൂപതയുടെ മൂന്നാമത്തെ ആർച്ച് ബിഷപ്പ്
തലശ്ശേരി അതിരൂപതയുടെ മൂന്നാമത്തെ ആർച്ച് ബിഷപ്പാണ് മാർ ജോസഫ് പാംപ്ലാനി. 1995 മെയ് 18-ാണ് തലശ്ശേരി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടത്. മാർ ജോർജ് വലിയമറ്റം പ്രഥമ ആർച്ച് ബിഷപ്പായി. അദ്ദേഹം വിരമിച്ചതിനെത്തുടർന്ന് 2014 ഒക്ടോബർ 10-ന് മാർ ജോർജ് ഞരളക്കാട്ട് അതിരൂപതാധ്യക്ഷനായി. ഇപ്പോൾ അദ്ദേഹം വിരമിക്കുന്ന ഒഴിവിലാണ് സഹായ മെത്രാനായിരുന്ന മാർ പാംപ്ലാനി സ്ഥാനമേൽക്കുന്നത്.
1953 ഡിസംബർ 31-ന് നിലവിൽവന്ന തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ 'മലബാറിന്റെ മോശ' എന്നറിയപ്പെടുന്ന മാർ സെബാസ്റ്റ്യൻ വെള്ളോപ്പിള്ളിയായിരുന്നു. നിലവിലെ സഹായമെത്രാൻ മാർ പാംപ്ലാനി അതിരൂപതാധ്യക്ഷനാകുന്ന സാഹചര്യത്തിൽ പുതിയ സഹായമെത്രാനെക്കൂടി നിയമിച്ചേക്കും.
എണ്ണമറ്റ ചുമതലകൾ
2006-ൽ അതിരൂപതിയിൽ തിരിച്ചെത്തിയശേഷം ബൈബിൾ അപ്പസ്തലേറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റു. ബൈബിൾ പഠനരംഗത്തെ ആഗോളസ്ഥാപനമായ തലശ്ശേരി ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസിന്റെ സ്ഥാപകനാണ്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കുന്നോത്ത് ഗുഡ്ഷെപ്പേഡ് മേജർ സെമിനാരി എന്നിവിടങ്ങളിൽ അദ്ധ്യാപകനുമാണ്. ആലുവ സെയ്ന്റ് ജോസഫ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കുന്നോത്ത് ഗുഡ്ഷെപ്പേഡ് മേജർ സെമിനാരി, തിരുവനന്തപുരം സെയ്ന്റ് മേരീസ് മലങ്കര മേജർ സെമിനാരി, വടവാതൂർ സെയ്ന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റി എന്നിവിടങ്ങളിലെ റിസർച്ച് ഗൈഡുമാണ്.
സി.ബി.സിഐ. ദൈവശാസ്ത്ര കമ്മിഷൻ സെക്രട്ടറി, സി.ബി.സിഐ. പാഠപുസ്തക കമ്മിഷൻ സെക്രട്ടറി, എഫ്.എ.ബി.സി. ദൈവശാസ്ത്ര കമ്മിഷൻ അംഗം, തലശ്ശേരി ആൽഫ സെന്റർ ഓഫ് തിയോളജി ആൻഡ് സയൻസ് ഡയറക്ടർ, തലശ്ശേരി അതിരൂപത ബൈബിൾ അപ്പസ്തലേറ്റ് ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
രൂപതയുടെ പ്രഥമ സഹായ മെത്രാൻ
2017 ഓഗസ്റ്റിൽ ചേർന്ന സിറോ മലബാർ സഭയിലെ മെത്രാൻ സിനഡ് മാർ പാംപ്ലാനിയെ അതിരൂപതയുടെ പ്രഥമ സഹായമെത്രാനായി തിരഞ്ഞെടുത്തു. നവംബർ എട്ടിന് കത്തീഡ്രൽ ദൈവാലയാങ്കണത്തിൽ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിൽനിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. ചുരുങ്ങിയ കാലംകൊണ്ട് വിശ്വാസികളുടെ മാത്രമല്ല നാനാ ജാതി-മത-രാഷ്ട്രീയ വിഭാഗങ്ങളിൽപ്പെട്ടവരുടെ സൗഹൃദം അദ്ദേഹം നേടിയെടുത്തു. അതിരൂപതാ അസംബ്ലി, ഉത്തരമലബാർ കർഷകപ്രക്ഷോഭം തുടങ്ങിയവയ്ക്ക് നെടുനായകത്വം വഹിച്ചു.
35 ഗ്രന്ഥങ്ങളും 40 ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. മലയാളത്തിൽ എട്ട് വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച ബൈബിൾ വ്യാഖ്യാനമായ ആൽഫ ബൈബിൾ കമന്ററിയുടെ ചീഫ് എഡിറ്ററായിരുന്നു. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ടെലിവിഷൻ ചാനലുകളിൽ വചനക്ലാസുകളും ധ്യാനപരിപാടികളും അവതരിപ്പിക്കുന്നു.
സി.ബി.സിഐ. ദൈവശാസ്ത്ര കമ്മിഷൻ അംഗം, കെ.സി.ബി.സി. മാധ്യമ കമ്മിഷൻ ചെയർമാൻ, ദൈവശാസ്ത്ര കമ്മിഷൻ അംഗം, സിറോ മലബാർ സഭാ മാധ്യമ കമ്മിഷൻ ചെയർമാൻ, പബ്ലിക് അഫയേഴ്സ് കമ്മീഷൻ അംഗം തുടങ്ങിയ ചുമതലകളുമുണ്ട്. സിറോ മലബാർസഭ മെത്രാൻ സിനഡിന്റെ സെക്രട്ടറിയായും സിനഡ് അംഗമായും തിരഞ്ഞെടുത്തിട്ടുണ്ട്.
സഹോദരങ്ങൾ: പി.ടി.സെബാസ്റ്റ്യൻ (റിട്ട. പ്രഥമാധ്യാപകൻ, സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ, അങ്ങാടിക്കടവ്), ആൻസിലി (നഴ്സിങ് സൂപ്രണ്ട്, ദാദദേവ് മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ, ന്യൂഡൽഹി), ഡെയ്സി (കക്കിഞ്ച, ബൽത്തങ്ങടി), സിസ്റ്റർ ഷൈനി (സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് അലോഷ്യസ് സഭാംഗം, പ്രിൻസിപ്പൽ സെയ്ന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, വിശാഖപട്ടണം), റവ. ഡോ. അഗസ്റ്റിൻ പാംപ്ലാനി, സിഎസ്.ടി. സെമിനാരി, ആലുവ), ഷാജി പി.ടോംസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, യു.എസ്.എ.).
കുടിയേറ്റക്കാരനായ ബിഷപ്പ്
തലശേരി അതിരൂപതയുടെ അമരക്കാരനായി മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനക്കയറ്റം മലയോര കുടിയേറ്റ ഗ്രാമമായ ചരളിനെയും പാംപ്ലാനി കുടുംബത്തെയും അതിരറ്റ ആഹ്ലാദത്തിലാക്കി. കുടിയേറ്റക്കാരുടെ അതിരൂപതയ്ക്ക് കുടിയേറ്റക്കരനായ ഇടയന്റെ സ്ഥാനാരോഹണം ദൈവനിയോഗമായി കാണുകയാണ് നാട്ടുകാരും കുടുംബാംഗങ്ങളും. കുഞ്ഞുപ്രായത്തിൽ തന്നെ വൈദികനാകാനുള്ള മകന്റെ ആഗ്രഹം ദൈവം അറിഞ്ഞു സാധിപ്പിച്ച അനുഭൂതിയിലാണ് ആർച്ച് ബിഷപ്പിന്റെ അമ്മ മേരിയും മറ്റ് കുടുംബാംഗങ്ങളും.
കുട്ടിയായിരിക്കുമ്പോൾ വെള്ളമുണ്ട് പുതച്ച് ഞാൻ അച്ചനായി എന്ന് പറയുന്ന മകൻ അമ്മയുടെ ഓർമയിൽ ദൈവത്തിന്റെ പ്രിയപ്പെട്ടവനായതുപോലെ ഇന്നും കൊച്ചുമകനാണ്. അതിരൂപതയിലെ കുടിയേറ്റ കുടുംബങ്ങളിൽനിന്ന് ആദ്യമായി മെത്രാനാകാനുള്ള മാർ ജോസഫ് പാംപ്ലാനിയുടെ നിയോഗം ദൈവത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പെന്നാണ് നാട്ടുകാരും സഹപ്രവർത്തകരും ബന്ധുക്കളുമെല്ലാം പറയുന്നത്.
അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയിൽ മേഖലയിലെ ക്രിസ്തീയ വിശ്വാസികളെല്ലാം ആഹ്ലാദത്തിലാണ്. മത, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ ഒട്ടേറെപ്പേർ വീട്ടിലെത്തി ആഹ്ലാദം പങ്കുവെച്ചു. സണ്ണി ജോസഫ് എംഎൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്റ് ലിസി തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിന്ധു ബെന്നി, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് എന്നിവർ വീട്ടിലെത്തി ആശംസയും ആഹ്ലാദവും അറിയിച്ചു.
2.8 ലക്ഷം വിശ്വാസികളുടെ ഇടയൻ
മാനന്തവാടി, താമരശ്ശേരി, ബെൽത്തങ്ങടി, ഭദ്രാവതി, മാണ്ഡ്യ എന്നീ രൂപതകൾ തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുണ്ട്. 4953 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അതിരൂപതയിൽ 198 ഇടവകകളും 99 മഠങ്ങളും 2,89,559 വിശ്വാസികളുമുണ്ട്. 353 വൈദികർ ഇടവകകളിൽ സേവനമനുഷ്ഠിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ