ഇടുക്കി: മറുനാടൻ മലയാളിയുടെ സന്നദ്ധ സംഘടനകളായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും (BMCF)  ആവാസും (Association For Welfare Action and Social initiatives)  സംയുക്തമായി സമാഹരിച്ച കൂട്ടിക്കൽ, കൊക്കയാർ പ്രളയ ദുരിതാശ്വാസ ധന സഹായം വിതരണം ചെയ്തു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എയും ചേർന്നാണ് ധനസഹായ വിതരണം നടത്തിയത്. കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കൂട്ടിക്കലിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിനും 23 വ്യക്തികൾക്കുമാണ് സഹായ ധനം കൈമാറിയത്.

കൂട്ടിക്കൽ കൊക്കയാർ പ്രദേശത്തെ പ്രളയം വിഴുങ്ങിയപ്പോൾ നിരവധി സഹായങ്ങളാണ് പ്രവാസികളിൽ നിന്നും ലഭിച്ചത്. യുകെ മലയാളികളിലൂടെ ഇപ്പോൾ ലഭിച്ചിരുന്ന ഈ സഹായം പ്രദേശത്തെ കഷ്ടപ്പാട് അനുഭവിക്കുന്ന 23 കുടുംബങ്ങൾക്ക് വലിയ സഹായമാണ് നൽകിയത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പ്രളയം നാടിനെ വിഴുങ്ങിയ സംഭവത്തെയും അദ്ദേഹം വേദിയിൽ ഓർമ്മിച്ചു. പത്തു വർഷക്കാലത്തിനിടയിൽ പത്തു കോടിയോളം രൂപ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പാവപ്പെട്ട ജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി സഹായം നൽകിയ ബ്രിട്ടീഷ് മലയാളിയുടെ പ്രവർത്തിയെ മന്ത്രി റോഷി അഗസ്റ്റിനും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും പ്രശംസിക്കുകയും ചെയ്തു. ജീവിതം വഴിമുട്ടി നിക്കുന്ന ഒരു ജനതയായി ഒന്നിച്ചവർക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ നന്ദി പറഞ്ഞു.

ഒട്ടേറെ പേർക്ക് ജീവൻ നഷ്ടമായി. റോഡുകൾ തകർന്നു,ആശുപത്രിയിൽ എത്തിക്കാൻ പോലും മാർഗ്ഗമില്ലാതായി. ദുരന്ത നാളുകളിൽ തലച്ചുമടായി ആളുകളെ കൊണ്ടുപോകുന്ന രംഗം ഇന്നും ഓർക്കുന്നുവെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. സുമനസ്സുകളുടെ പരിശ്രമത്തിന്റെ വിലയാണ് കഴിഞ്ഞ 10 വർഷ കാലംകൊണ്ട് 10 കോടി രൂപ അർഹരായവരിലേക്ക് എത്തിക്കാൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും (BMCF) ആവസിനും (Association For Welfare Action and Social initiatives)  കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷത വഹിച്ച യോഗത്തിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോൻ വൈസ് പ്രസിഡന്റ് ജെസ്സി ജോസ്, മെമ്പർമാരായ കെ.എൻ.വിനോദ്, സിന്ധു മുരളീധരൻ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ, ബി എം സി എഫ് ട്രസ്റ്റി സോണി ചാക്കോ, ട്രസ്റ്റിയും & മുൻ ചെയർമാനുമായ ടോമിച്ചൻ കൊഴുവനാൽ എന്നിവർ പങ്കെടുത്തു. ആവാസ് ചെയർപേഴ്‌സൺ മിനി മോഹൻ സ്വാഗതവും ബി എം സി എഫ് ട്രസ്റ്റിയും മുൻ ചെയർമാനുമായ ഷാജി ലൂക്കോസ് നന്ദിപ്രകാശനവും നടത്തി.