കൊച്ചി: വന്യജീവി അക്രമത്തിനെതിരെ വിവിധ കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന കർഷകരുടെ സംഘടിത ജനകീയ പ്രതിരോധത്തിന് തൃശൂരിൽ തുടക്കമാകുന്നു.

ഏപ്രിൽ 23 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തൃശൂർ ജില്ലയിലെ ചാലക്കുടി കൊന്നക്കുഴിയിൽ കർഷകരുൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചു ചേരും. ആനകളും കാട്ടുപന്നികളുമുൾപ്പെടെ വന്യജീവികളുടെ ദിവസേനയുള്ള അക്രമം മനുഷ്യജീവന് ഉയർത്തുന്ന വെല്ലുവിളിയും കൃഷിനാശവും അതിരൂക്ഷമായ സാഹചര്യത്തിലാണ് പ്രദേശവാസികൾ ഒന്നടങ്കം സംഘടിച്ച് കാട്ടാനയെയും കാട്ടുപന്നിയെയും കാട്ടിലേയ്ക്ക് ഓടിക്കുന്ന പ്രതിരോധ പോരാട്ടമുഖം തുറക്കുന്നതെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ, ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് എന്നിവർ പറഞ്ഞു. ഇതോടുകൂടി കേരളത്തിന്റെ ഗ്രാമീണമേഖലയിൽ നിലനിൽപിനായുള്ള കർഷക പോരാട്ടത്തിന് പുതിയ പോർമുഖം തുറക്കുമെന്നും തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പ്രതിരോധം വ്യാപിപ്പിക്കുമെന്നും ഇവർ സൂചിപ്പിച്ചു.

പകൽ സമരങ്ങൾ നിരന്തരം കണ്ടിട്ടുള്ള സംസ്ഥാനത്ത് കർഷകരുടെ രാത്രിയിലുള്ള വന്യജീവി പ്രതിരോധം സ്വന്തംമണ്ണിൽ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. വന്യജീവികളെ വനത്തിൽ സംരക്ഷിക്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതുകൊണ്ട് സ്വയം രക്ഷയ്ക്കായി കർഷകർ പ്രതിരോധം തീർക്കാൻ നിർബന്ധിതരാകുന്നുവെന്ന് കർഷകജനകീയ പ്രതിരോധത്തിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാക്കളായ ജനറ്റ് മാത്യു, ജോയി കൈതാരം, അബ്രാഹം മോറേലി, മാത്യു അച്ചാടൻ എന്നിവർ പറഞ്ഞു. .

ഏപ്രിൽ 23ന് 6 മണിക്ക് കൊന്നക്കുഴി ദേവാലയ പരിസരത്ത് കർഷകർ ഒത്തുചേരും. തുടർന്നുള്ള പ്രതിഷേധ ജാഥയ്ക്കുശേഷം തീപന്തങ്ങളുമായി വിവിധ സംഘങ്ങളായി രാത്രിയിലുടനീളം കൃഷിസ്ഥലങ്ങളിലൂടെ ചുറ്റിയടിച്ച് കർഷകഭൂമിയിലേയ്ക്കിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തിയോടിക്കും.

ഏപ്രിൽ 28ന് രാവിലെ 10 മണിക്ക് കോട്ടയത്തുചേരുന്ന രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി കർഷക ജനകീയ പ്രതിരോധം സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുള്ള രൂപരേഖ പ്രഖ്യാപിക്കുമെന്ന് ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.