തിരുവനന്തപുരം, ഏപ്രിൽ 19, 2022: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി യ്ക്ക് മികച്ച തൊഴിലിടമായി വീണ്ടും അംഗീകാരം. 2022-23 ലെ മികച്ച തൊഴിലിടമായി ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ആണ് യു.എസ്.ടി ഇന്ത്യാ റീജ്യണിനെ വീണ്ടും തിരഞ്ഞെടുത്തത്. ഉയർന്ന വിശ്വാസ്യതയും പ്രകടനവും കാഴ്ച വെയ്ക്കുന്നതിൽ പ്രകടിപ്പിച്ച മികവിനാണ് യു.എസ്.ടിക്ക് ഈ അപൂർവ്വ ബഹുമതി ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ആദരം ലഭിക്കുന്നതിന്റെ ഭാഗമായി യു.എസ്.ടി വളരെ വിശദവും കർശനവുമായ പരിശോധനാ സംവിധാനങ്ങൾക്ക് വിധേയമായിരുന്നു. അതിൽ, ദ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ട്രസ്റ്റ് ഇൻഡക്‌സ് സർവ്വേ, കൾച്ചർ ഓഡിറ്റ് എന്നീ പ്രക്രിയകൾ ഉൾപ്പെടുന്നു. സ്ഥാപനത്തിൽ വിശ്വാസം, അഭിമാനം, പരസ്പര സൗഹൃദം എന്നിവ കെട്ടിപ്പടുക്കുന്നതിലും നിലനിർത്തുന്നതിലും യു.എസ്.ടി പ്രകടിപ്പിച്ച പ്രത്യേക ശ്രദ്ധയുടേയും ശ്രമങ്ങളുടേയും തെളിവാണ് ഈ നേട്ടം.

നേരത്തേ തന്നെ യു.എസ്.ടി അമേരിക്ക, യു കെ, മെക്‌സിക്കോ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം നേടിയിരിരുന്നു. ഇന്ത്യയിലേയും മികച്ച തൊഴിലിടമെന്ന അംഗീകാരം ലഭിച്ചതോടെ ആഗോളതലത്തിൽ തന്നെ വിവിധ ഭൂവിഭാഗങ്ങളിലെ മികച്ച തൊഴിലിടമെന്ന അസൂയാർഹമായ നിലയിലേക്ക് മാറുകയാണ്.

2019-20 ലാണ് യു.എസ്.ടിയെ ഇന്ത്യയിലെ മികച്ച തൊഴിലിടമായി ആദ്യമായി തെരഞ്ഞടുത്തത്. ഇന്ത്യയിലെ ഇരുപതിനായിരത്തോളമുള്ള ജീവനക്കാരുടെ പ്രതിഭയും വ്യവസായ രംഗത്തെ വളർച്ചയും കൊണ്ട് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന യു.എസ്.ടിയുടെ പ്രധാന കേന്ദ്രമായി മാറാൻ യു.എസ്.ടി ഇന്ത്യയ്ക്ക് കഴിഞ്ഞതായി യു.എസ്.ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മനു ഗോപിനാഥ് പറഞ്ഞു. ഇന്ത്യയിൽ ലഭിച്ച മികച്ച തൊഴിലിടമെന്ന ഈ അംഗീകാരം വിനയത്തോടെയും ആദരവോടെയും സ്വീകരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടം യു.എസ്.ടിയുടെ അടിസ്ഥാന മൂല്യങ്ങൾക്കും സംസ്‌ക്കാരത്തിനും, ഓരോ ജീവനക്കാരും അവരുടെ കഴിവുകൾ പൂർണമായ തോതിൽ വളർത്തിയെടുക്കാനുള്ള തൊഴിൽ സംസ്‌ക്കാരത്തിനും ലഭിച്ച ശ്രദ്ധേയമായ സാക്ഷ്യപത്രമാണെന്നും മനു ഗോപിനാഥ് കൂട്ടിച്ചേർത്തു.

യു.എസ്.ടിയിൽ സുതാര്യതയുടേയും ആദരവിന്റെയും സംസ്‌ക്കാരം പ്രദാനം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സ്ഥാപനത്തിന്റെ ഹ്യൂമൻ റിസോഴ്‌സസ് ഗ്ലോബൽ മേധാവി കവിതാ കുറുപ്പ് പറഞ്ഞു. ജീവനക്കാരാണ് സ്ഥാപനത്തിന്റെ വിജയത്തിന്റെ അടിത്തറയെന്നും അവരുടെ കഠിനാധ്വാനമാണ് സ്ഥാപനത്തിന് വളരാനും സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്താനും കാരണമെന്നും അവർ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ ജീവനക്കാർക്ക് പഠിക്കാനും വളരാനുമുള്ള അതിരുകളില്ലാത്ത അവസരങ്ങൾ നൽകുന്ന സ്ഥാപനം എന്ന നിലയിൽ ഏറെ അഭിമാനമുണ്ടെന്നും, വൈവിധ്യമാർന്ന സംസ്‌ക്കാരങ്ങളോടുള്ള യു.എസ്.ടിയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്ന പുതിയ അംഗീകാരത്തെ വിനയത്തോടെ സ്വീകരിക്കുന്നതായും കവിതാ കുറുപ്പ് പറഞ്ഞു.

പുതിയ നേട്ടത്തിന് പുറമേ 2021 ലെ ബിസിനസ് കൾച്ചർ അവാർഡ്‌സിന്റെ ഓഫീസ് ഓഫ് വാല്യൂസ് ആൻഡ് കൾച്ചർ പുരസ്‌ക്കാരവും യു.എസ്. ടി കരസ്ഥമാക്കിയിരുന്നു. 2021 ലെ ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള 100 മികച്ച കമ്പനികളിൽ ഒന്നായി യു.എസ്.ടി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ലെ എക്‌സ്ംപ്ലർ ഓഫ് ഇൻക്ലൂഷൻ അംഗീകാരവും കമ്പനിയെ തേടിയെത്തി. കൂടാതെ, 2021 ലെ ഇന്ത്യയിലെ മികച്ച തൊഴിലിടമായി കമ്പനിയെ അമ്പീഷൻ ബോക്‌സും തെരഞ്ഞെടുത്തിരുന്നു. ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ ഏറ്റവും മികച്ച തൊഴിൽദാതാവ് എന്ന അംഗീകാരവും യു.എസ്.ടിക്കുണ്ട്. ഏഷ്യാ-പെസഫിക് മേഖലകൾക്കായുള്ള അഭിമാനകരമായ ബ്ലൂ സീൽ സർട്ടിഫിക്കേഷനും കമ്പനിക്കുണ്ട്. യു.എസ്.ടിയുടെ ആഗോളതലത്തിലുള്ള വ്യവസായ സംരംഭങ്ങളെ ത്വരിതപ്പെടുത്തുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പതിനായിരത്തോളം ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് കമ്പനി ഈയിടെ പ്രഖ്യാപിച്ചിരുന്നു.