ഹൈദരാബാദ്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയിലെ ആറു നേതാക്കളെ അറസ്റ്റ് ചെയ്തതായി തെലങ്കാന പൊലീസ്. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ്, മരിച്ചയാളുടെ ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചു.

ഏപ്രിൽ 16ന് കമറെഡ്ഡി എന്ന സ്ഥലത്തെ ലോഡ്ജിൽ ഗംഗം സന്തോഷ്, ഗംഗം പത്മ എന്നിവരെ തീകൊളുത്തി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ടിആർഎസ് നേതാക്കളും പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറും ഉപദ്രവിക്കുകയാണെന്നു പരാതി ഉന്നയിച്ചവരാണ് ഇവർ.

ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഗംഗം സന്തോഷ് ഉപദ്രവിച്ചവരുടെ വിവരങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. രാമായംപേട്ട് മുനിസിപ്പൽ ചെയർപഴ്‌സൻ പല്ലെ ജിതേന്ദർ ഗൗഡ് അടക്കം ആറു ടിആർഎസ് നേതാക്കളുടെയും സിഐ നാഗാർജുന റെഡ്ഡിയുടെയും ചിത്രങ്ങളും വിഡിയോയുമാണ് ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. തന്റെ ബിസിനസും ജീവിതവും ഇവരാണു തകർത്തതെന്നും സന്തോഷ് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു.

അവർ തന്നെ സാമ്പത്തികമായി തകർത്തെന്നും മരണത്തിനു ശേഷമെങ്കിലും നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സന്തോഷ് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ ഇൻസ്‌പെക്ടർ പരിശോധിക്കാനെടുത്തിരുന്നു. പ്രധാനപ്പെട്ട പല വിവരങ്ങളും ചോർത്തിയെടുത്ത ശേഷമാണ് മൊബൈൽ ഫോൺ തിരിച്ചുകിട്ടിയത്.

പൊലീസ് ഉദ്യോഗസ്ഥൻ ഈ വിവരങ്ങൾ രാഷ്ട്രീയ നേതാക്കൾക്കു നൽകുകയും, അവർ അതു മോശമായി ഉപയോഗിക്കുകയും ചെയ്തു ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു.