കണ്ണൂർ: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിലെ അഴിമതി അവസാനിപ്പിക്കാൻ സർക്കാരിനായിട്ടില്ലെന്ന് സി. ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ. മന്ത്രിമാർ കൈക്കൂലി വാങ്ങുന്നില്ല. അതുകൊണ്ട് മാത്രം അഴിമതി ഇല്ലാതാകില്ല. അഴിമതിക്കാരായ നാറികളെ ഓഫീസിൽ കയറി ചാട്ടവാറ് കൊണ്ട് അടിക്കണമെന്നും കെ.പി സഹദേവൻ പറഞ്ഞു. കള്ള് ചെത്ത് തൊഴിലാളി ഫെഡറേഷൻ സി ഐ ടി യു നടത്തിയ എക്സൈസ് ഡപ്യൂട്ടി കമീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് കെ പി സഹദേവൻ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ചത്.

കള്ള് ചെത്ത് വ്യവസായത്തെ തകർക്കുന്ന അനധികൃത മദ്യ ഉൽപ്പാദനത്തിനും വിൽപനയ്ക്കും ഒത്താശ ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്റെ (സിഐ.ടി.യു) നേതൃത്വത്തിൽ നടത്തിയ സമരം സി .ഐ 'ടി.യു.സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു. എൻ.വി.ചന്ദ്രബാബു അദ്ധ്യക്ഷനായി. പി.വി.രവീന്ദ്രൻ,കെ.സന്തോഷ്.യതീന്ദ്രദാസ്, കെ.നാണു, കെ.ഗിരീഷ് എന്നിവർ നേതൃത്വം നൽകി.