മുംബൈ: യഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ്. ചാപ്റ്റർ 2 ഇന്ത്യയൊട്ടാകെ പ്രദർശനം തുടരുകയാണ്. സർവ്വകാല റെക്കോഡുകളും തകർത്താണ് ചിത്രത്തിന്റെ മുന്നേറ്റം.

കർണാടകയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കന്നട സിനിമയെ അതിർത്തികൾക്കപ്പുറം കൊണ്ടുപോയി വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ.

ഇപ്പോളിതാ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ബയോ ബബിളിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും നടന്നിരുന്നു. ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിനെതിരായ തകർപ്പൻ ജയത്തിന്റെ ആഹ്ലാദത്തിനിടെയാണ് ചലച്ചിത്രം പ്രദർശിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രി നടന്ന സ്‌ക്രീനിംഗിൽ നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായ നിരവധി താരങ്ങൾ പങ്കെടുത്തു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ചിത്രം കണ്ട താരങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തട്ടുണ്ട്.