പയ്യാവൂർ:ഒൻപതാം ക്ലാസുകാരൻ വീടിനകത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശ്രീകണ്ഠാപുരം പൊലീസ് അന്വേഷണമാരംഭിച്ചു. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്. അപകടകരമായ മൊബൈൽ ഗെയിമുകൾ കളിച്ചിരുന്നോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്.

ഏപ്രിൽ ഇരുപതിനാണ് പതിനാലുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുഴലിയിലെ ചെമ്പ്രോത്ത് ആദിഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. വ്യാഴാഴ്‌ച്ച പുലർച്ചെ. അഞ്ചരയോടെ അമ്മ വിളിക്കാൻ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആദിഷിനെ കാണപ്പെട്ടത്.

ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു. അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണോ മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശ്രീകണ്ഠപുരം പൊലീസ് വീട്ടിലെത്തി മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചു.ഫോൺ സൈബർ പൊലിസിന് കൈമാറിയിട്ടുണ്ട്. ചുഴലി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഒൻപതാംക്ലാസ്വിദ്യാർത്ഥിയാണ് ആദിഷ്. ഖത്തർ പ്രവാസിയായ ഷിബു - ധന്യ ദമ്പതികളുടെ മകനാണ്. സഹോദരൻ: അഭിഷേക്