സ്വിറ്റ്‌സർലന്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യസേവന പ്രസ്ഥാനമായ CESCI(സെസി)യുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സോഷ്യൽ ആക്ടിവിറ്റി ഇന്റർനാഷണൽ പുരസ്‌കാരം ഗാന്ധിഭവന് ലഭിച്ചു.

സ്വിറ്റ്‌സർലന്റ് സ്വദേശിനിയായ മജാകൊയ്‌നാ CESCI ഫൗണ്ടേഷൻ സ്ഥാപകരിലൊരാളായിരുന്നു. മഹാത്മാഗാന്ധിയുടെ സന്ദേശങ്ങളിൽ ആകൃഷ്ടയായി അവർ ഇന്ത്യയിലെത്തുകയും പിന്നീട് മധുരയിൽ കടവൂരിൽ ഗാന്ധി ആശ്രമം സ്ഥാപിക്കുകയും ആദിവാസി-പിന്നാക്ക ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരികയും ചെയ്തു. 1999 ഒക്ടോബർ 13 ന് കാൻസർ ബാധിതയായി മരണമടഞ്ഞ മജാ കൊയ്‌നായുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണ് 'മജാകൊയ്‌നാ സോഷ്യൽ ആക്ടിവിസ്റ്റ് അവാർഡ്.'

പതിനൊന്നായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മധുര ആശ്രമത്തിൽ നടന്ന ദേശീയ ഗാന്ധീദർശന സംഗമത്തിൽ വച്ച് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഏറ്റുവാങ്ങി.

ഏകതാ പരിഷത് ചെയർമാൻ ഡോ. പി.വി. രാജഗോപാൽ, തമിഴ്‌നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന 'തുല' സ്ഥാപകനായ ഡോ. അനന്തു, കേരള ഗാന്ധിസ്മാരകനിധി സംസ്ഥാന ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്