- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യപേപ്പർ വിവാദം: കണ്ണൂർ സർവകലാശാലയ്ക്കു മുൻപിൽ എം എസ് എഫ് പ്രതിഷേധം; പരീക്ഷ റദ്ദ് ചെയ്യണമെന്ന് നേതാക്കൾ

കണ്ണൂർ: കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നടന്ന കണ്ണൂർ സർവകലാശാല മൂന്നാം സെമെസ്റ്റർ സൈക്കോളജി പരീക്ഷ ചോദ്യപ്പേപ്പർ വർഷം മാത്രം മാറ്റി ആവർത്തിച്ചതിൽ പ്രതിഷേധിച്ച് എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകലാശാലയിലേക്ക് ഇന്ന് വൈകുന്നേരം പ്രതിഷേധമാർച്ചും ധർണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ജാസിറിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ ഉദ്ഘാടനം ചെയ്തു.
അതീവ ഗൗരവത്തോടെ ഉയർന്ന വേതനം നൽകി മറ്റു സർവകലാശാല അദ്ധ്യാപകർ തയ്യാറാക്കുന്ന ചോദ്യപ്പേപ്പറുകൾ വളരെ നിസ്സാരമായി കൈകാര്യം ചെയ്തവർക്കെതിരെ എത്രയും വേഗം നടപടി കൈക്കൊള്ളണമെന്നും പരീക്ഷകൾ റദ്ദ് ചെയ്യണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. നേതാക്കളായ ഷകീബ് നീർചാൽ, തസ്ലീം അടിപ്പാലം, മുണ്ടേരി, ഹരിത ജില്ലാ ജനറൽ സെക്രട്ടറി ഫർഹാന സംസാരിച്ചു. തുടർന്ന് യൂണിവേഴ്സിറ്റി അധികൃതരുമായി നടന്ന ചർച്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എം.എസ്.എഫ് നേതാക്കൾക്ക് ഉറപ്പ് നൽകി.
കണ്ണൂർ സർവ്വകലാശാലയിൽ പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്‌ച്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷാ കൺട്രോളറെ പുറത്താക്കണമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷയുടെ രണ്ട് പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ തുടർച്ചയായി മുൻവർഷത്തെ ചോദ്യ പേപ്പറിന്റെ തനിയാവർത്തനമായിട്ടാണ് വന്നിട്ടുള്ളത്. ഇത്തരം കൃത്യവിലോപത്തിൽ സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും പതിവ് പ്രഹസനങ്ങൾക്കപ്പുറത്തേക്ക് കാര്യക്ഷമമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പരീക്ഷയുടെ പ്രാധാന്യത്തെയും ഗുണനിലവാരത്തെയും ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ കേവലം വീഴ്‌ച്ച എന്നതിനപ്പുറത്തേക്ക് പരീക്ഷകൾ ആട്ടിമറിക്കാനും ക്രമക്കേടുകൾക്ക് വഴിയൊരുക്കാനുമുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും കൃത്യവിലോപം കാണിച്ചവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു


