കണ്ണൂർ: കണ്ണൂരിൽ കെ.റെയിൽ വിരുദ്ധസമരം ശക്തി പ്രാപിക്കുന്നു. കണ്ണൂർ കോർപറേഷൻ എടക്കാട്ട് സോണിലെ നടാലിൽ കെ.റെയിൽ സ്ഥാപിക്കാനുള്ള ശ്രമം പ്രദേശവാസികളും സമരസമിതി പ്രവർത്തകരും ചേർന്നു തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകാനെത്തിയ എടക്കാട് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനു ശേഷം കെ.റെയിൽ സർവേകുറ്റി പ്രതിഷേധക്കാർ പിഴുത് മാറ്റുകയും ചെയ്തു.

വെള്ളിയാഴ്‌ച്ച രാവിലെയാണ് അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സർവേകല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടു സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതിനു പിന്തുണയുമായി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മാർട്ടിൻ ജോർജും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സ്ഥിതി രൂക്ഷമായി.

എന്നാൽ സർവ്വേ കല്ല് സ്ഥാപിക്കുന്നത് നിയമ പ്രകാരമാണെന്നും ഗസ്റ്റ് വിജ്ഞാപനം വന്നിട്ടുണ്ടെന്നും പഞ്ചായത്തിലും വില്ലേജിലും ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയതായും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇക്കാര്യത്തിൽ തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സ്ഥല ഉടമകൾ അറിയിച്ചതോടെയാണ് തർക്കമാരംഭിച്ചത്.

പ്രദേശവാസികൾ എതിർപ്പു ശക്തമാക്കിയതോടെ കല്ലിടൽ ഉച്ചയോടെ താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം എടക്കാടിന്റെ സമീപ പ്രദേശമായ ചാലയിൽ നാട്ടിയ 13 സർവ്വേ കല്ലുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുത് മാറ്റിയിരുന്നു. ഇതേ തുടർന്ന് ഇന്നലെ ചാലയിൽ കുറ്റിയിടാതെയാണ് എടക്കാട് ഉദ്യോഗസ്ഥരെത്തിയത്. ചാലയിൽ കെ.റെയിൽകുറ്റികൾ പിഴുതുമാറ്റിയ ഇരുപത് യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, ജില്ലാ അധ്യക്ഷൻ സുദീപ് ജയിംസ്, കെ.വി ചന്ദ്രൻ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്