റിയാദ്: സൗദി അറേബ്യയിലെ അതിർത്തി സുരക്ഷാ സേനകൾ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. വിജയകരമായ ഓപ്പറേഷനിലൂടെ 708,910 ആംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തതായി സുരക്ഷാ സേന ബുധനാഴ്ച അറിയിച്ചു.

ഓപ്പറേഷനിൽ പല തരത്തിലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി അതിർത്തി സുരക്ഷാസേന ജനറൽ ഡയറക്ടറേറ്റ് കേണൽ മിസ്ഫിർ അൽ ഖാരിനി പറഞ്ഞു. ജിസാൻ, നജ്റാൻ, അസീർ, അൽ ജവാഫ്, തബൂക്ക് എന്നിവിടങ്ങളിലെ ലാൻഡ് ആൻഡ് സീ പട്രോൾസ് സംഘം നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ലഹരിമരുന്ന് പിടിച്ചെടുത്തതിന്റെ വീഡിയോ സൗദി അതിർത്തി സുരക്ഷാസേന ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

വിവിധ രാജ്യക്കാരായ 120 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇതിൽ 40 പേർ സൗദി പൗരന്മാരാണ്. ബാക്കിയുള്ള 80 പേർ യെമൻ, എത്യോപ്യ, ഈജിപ്ത്, ജോർദാൻ, സൊമാലിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പിടിയിലായവർക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ചകായി കേണൽ അൽ ഖാരിനി പറഞ്ഞു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.