ഭോപ്പാൽ: കുറ്റകൃത്യം ചെയ്യുന്നവരേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ പൊലീസ് ഉദ്യോഗസ്ഥർ എല്ലാവരും ടെക്നോളജിയെ കുറിച്ചുള്ള അറിവിൽ വൈദഗ്ധ്യം നേടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താൻ പൊലീസ് സേനയെ ആധുനികവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 48-ാമത് ഓൾ ഇന്ത്യ പൊലീസ് സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ

കഴിഞ്ഞ എട്ട് വർഷമായി കശ്മീർ വിഷയം മോദി സർക്കാർ പരമാവധി പരിഹരിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ജമ്മുവിലും കശ്മീരിലും നിരവധി വൻകിട വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. മോദി സർക്കാരിന്റെ ഇടപെടലിൽ വടക്കുകിഴക്കൻ മേഖലയിലെ നക്സൽ പ്രശ്നവും മയക്കുമരുന്ന് വിഷയവും പരിഹരിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ബ്യൂറോ ഓഫ് പൊലീസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടി ഭോപ്പാലിലെ പൊലീസ് ട്രെയിനിങ് സെൻട്രൽ അക്കാദമിയിലാണ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 100 പൊലീസ് സേനാ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളിൽ പ്രത്യേക സെമിനാറുകളും പരിശീലനവും പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.