ജലന്ധർ:കോൺഗ്രസ്സിനെ വീണ്ടും വെട്ടിലാക്കി നവ്ജ്യോത് സിങ് സിദ്ദു. കോൺഗ്രസ്സിന് പഞ്ചാബിലെ ഭരണം നഷ്ടപ്പെടാൻ കാരണം മാഫിയകളുടെ പിടികാരണമെന്ന സിദ്ധുവിന്റെ പരാമർശമാണ് കോൺഗ്രസ്സിന് തോൽവിയേക്കാൾ വലിയ ആഘാതമാകുന്നത്.

ഇതിന് പുറകേ സിദ്ദു എഎപി മുഖ്യമന്ത്രി ഭഗ്വന്ത് മന്നിനെ വാനോളം പുകഴ്‌ത്തുകയും ചെയ്തു. മൻ തനിക്ക് ഇളയ സഹോദരനാണെന്നും ഇത്രയും സത്യസന്ധനായ ഒരു വ്യക്തി ഭരണകൂടത്തിന്റെ തലപ്പത്ത് വന്നതിൽ താനേറെ സന്തോഷിക്കുന്നുവെന്നും സിദ്ദു പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷം കോൺഗ്രസ്സിനെ നയിച്ചവർക്ക് മാഫിയകളെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. അമരീന്ദർ സിംഗിനും പിന്നീട് മുഖ്യമന്ത്രിയായ ചരൺജീത് സിങ് ഛന്നിക്കും മാഫിയകളെ നിയന്ത്രിക്കാൻ ശക്തിയില്ലാതെപോയെന്നും ഭരണം നഷ്ടപ്പെട്ടത് അതുകൊണ്ടാണെന്നും സിദ്ദു തുറന്നടിച്ചു.

ആംആദ്മി പാർട്ടി നേതാക്കളെ ഏറെ പ്രശംസിച്ച സിദ്ധു ഭഗ് വന്ത് മന്നിനെ ഏറെ മികച്ച നേതാവായിട്ടാണ് വിശേഷിപ്പിക്കുന്നത്. മാഫിയകളെ നിയന്ത്രിക്കാൻ അഴിമതിയുടെ കളങ്കമില്ലാത്ത മികച്ച വ്യക്തിയെന്ന നിലയിൽ മന്നിന് സാധിക്കുമെന്നും സിദ്ദു പറഞ്ഞു.

താൻ കൃത്യമായ സമയത്ത് സംസാരിക്കുന്നയാളാണ്. ചില കാര്യങ്ങൾ തുറന്നുപറയേണ്ട സമയമായി എന്ന് ബോധ്യപ്പെട്ടതിനാലാണ് മാഫികളെക്കുറിച്ചുള്ള തന്റെ നിഗമനം തുറന്നുപറയുന്നതെന്നും സിദ്ദു പറഞ്ഞു. തന്റെ പോരാട്ടം ഏതെങ്കിലും വ്യക്തികൾക്കെതിരെയല്ല മറിച്ച് വ്യവസ്ഥിതികൾക്കെതിരെയാണെന്നും സിദ്ദു പറഞ്ഞു.