മട്ടന്നൂർ: മട്ടന്നൂർ മേഖലയിൽ ക്ഷേത്രകവർച്ച തുടരുന്നു. നായിക്കാലി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിതുറന്ന് കവർച്ച നടത്തി. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നായിക്കാലി ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാക്കൾ ശ്രീകോവിനുള്ളിൽ ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയ ഒരു പവന്റെ സ്വർണ മാലയും ശ്രീകോവിലിന് മുന്നിൽ വച്ച രണ്ടു ഭണ്ഡാരവും ഗണപതി കോവിലിന് മുന്നിൽ വച്ച ഭണ്ഡാരവുമാണ് പൊളിച്ച് പണം കവർന്നത്.

രണ്ടു ഭണ്ഡാരങ്ങൾ എടുത്തുകൊണ്ടുപോയി ക്ഷേത്രമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഓഫീസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയും മേശയും തുറന്നിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ച പണവും മോഷണം പോയിട്ടുണ്ട്. മോഷണം നടത്താൻ ഉപയോഗിച്ച കൊടുവാൾ തകർത്ത ഭണ്ഡാരത്തിന് മുകളിൽ വച്ച നിലയിലും സമീപത്തെ വീട്ടുമുറ്റത്ത് പിക്കാസും കമ്പിയും ചില്ലറ നാണയങ്ങളും കാണപ്പെട്ടിട്ടുണ്ട്.

പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരൻ മുൻ വശത്തെ വാതിൽ തുറന്നു നാലമ്പലത്തിന്റെ വാതിൽ തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഓഫീസിൽ സൂക്ഷിച്ച താക്കോൽ കൂട്ടം നാലമ്പലത്തിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. മൂന്ന് ഭണ്ഡാരങ്ങളാണ് തകർത്തതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ട്രസ്റ്റ് അംഗം ടി.വി. അജയൻ പറഞ്ഞു.

വിവരമറിഞ്ഞ് മട്ടന്നൂർ പൊലീസും കണ്ണൂരിൽ നിന്ന് വിരല ടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കിളിയങ്ങാട്ടെ രണ്ടു ക്ഷേത്രങ്ങളിലും ഉരുവച്ചാലിലെ ഒരു വീട്ടിലും കവർച്ച നടന്നിരുന്നു.

കിളിയങ്ങാട് ശ്രീഇളംകരുമകൻ ക്ഷേത്രത്തിലും ഇയ്യാട്ട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലും ഉരുവച്ചാൽ ടൗണിലെ ഐടിസി ട്രേഡിങ് കമ്പനി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ഉരുവച്ചാൽ യൂണിറ്റ് പ്രസിഡന്റുമായ സി. നൗഷാദിന്റെ വീട്ടിലുമാണ്
കവർച്ച നടന്നത്. നൗഷാദിന്റെ വീട്ടിൽ നിന്നും 40 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നിരുന്നു. ഇതിന്റെ പ്രതികളെ കണ്ടെത്തുന്നതിനിടയാണ് വീണ്ടും കവർച്ച നടന്നത്.