- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌കാർ വേദിയിലെ തല്ലുകഴിഞ്ഞ് വിൽ സ്മിത്തിനെ ലോകം ആദ്യം കാണുന്നത് മുംബൈയിൽ; ഇന്ത്യൻ യോഗാചാര്യൻ സദ്ഗുരുവിനെ കണ്ട് മനസ്സമാധാനം തേടാൻ എത്തിയ ഹോളിവുഡ് സൂപ്പർസ്റ്റാർ വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളിൽ
പാശ്ചാത്യ ലോകത്തിലെ ലൗകിക ജീവിതത്തിന്റെ ഭൗതിക സുഖങ്ങളിൽ ആറാടി നിന്നവർ എക്കാലവും മനസ്സമാധാനം തേടി ഇന്ത്യയിലേക്കാണ് എത്തിയിരുന്നത്. പണ്ട് ഇന്ത്യയെ പാമ്പുകളുടെയും സന്യാസിമാരുടെയും നാട് (ലാൻഡ് ഓഫ് സ്നേക്ക്സ് ആൻഡ് സെയിന്റ്സ്) എന്ന് കളിയാക്കി വിളിച്ചിരുന്നവർ ഇന്ന് പറയുന്നത് മനസ്സമാധാനത്തിന്റെയും ആത്മീയ സുരക്ഷയുടെയും നാടാണ് (ലാൻഡ് ഓഫ് സെറിനിറ്റി ആൻഡ് സെക്യുരിറ്റി) ഇന്ത്യ എന്നാണ്. പ്രശസ്തരും അപ്രശസ്തരുമായ നിരവധിപേർ ഇത്തരത്തിൽ മനസ്സമാധാനം തേടി ഇന്ത്യയിലെ വിവിധ ആശ്രമങ്ങളിൽ എത്തിയിട്ടുണ്ട്. ഇപ്പോഴും എത്തുന്നുമുണ്ട്.
അക്കൂട്ടരിൽ ഏറ്റവും ഒടുവിലായി എത്തിയിരിക്കുകയാണ് ഓസ്‌കർ പുരസ്‌കാര ജേതാവായ ഹോളിവുഡ് നടൻ വില്യം സ്മിത്ത്. ഓസ്‌കാർ പുരസ്‌കാര ദാന ചടങ്ങിനിടെ അവതാരകനെ കൈയേറ്റം ചെയ്ത് വാർത്തകളിൽ ഇടം നേടിയതിനുശേഷം വില്യം സ്മിത്തിനെ ഇതാദ്യമായാണ് പുറത്തുകാണുന്നത്. മുംബൈയിലെ ഒരു സ്വകാര്യ വിമാനത്താവളത്തിലെത്തിയ വില്യം സ്മിത്തിനെ അദ്ദേഹത്തിന്റെ ആരാധകർ ആവേശത്തോടെ സ്വീകരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സ്മിത്ത് ഇന്ത്യയിലെത്തിയിരിക്കുന്നത് ആത്മീയാചാര്യനായ സദ്ഗുരുവിനെ കാണുവാനാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ 2020-ൽ വില്യം സ്മിത്ത് കുടുംബ സമേതം ലോസ് ഏഞ്ചലസിൽ വെഛ്ക് സദ്ഗുരുവിനെ കണ്ടിരുന്നു. ഏതായാലും ഇന്ത്യയിൽ വിമാനമിറങ്ങിയ സ്മിത്ത് വളരെ ആഹ്ലാദവാനായാണ് കാണപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഒന്നു രണ്ട് സെൽഫിക്ക് പോസ് ചെയ്ത സ്മിത്ത് പിന്നീട് തന്റെ പേര് വിളിച്ച് സ്വാഗതം ചെയ്യുന്ന ആരാധകരെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തു.
ഓസ്‌കാർ വേദിയിൽ, മുടികൊഴിഞ്ഞുപോകുന്ന ആരോഗ്യസ്ഥിതിയുള്ള തന്റെ ഭാര ജാഡയെ കളിയാക്കി എന്നതിന്റെ പേരിലായിരുന്നു അവതാരകനും പ്രശസ്ത കോമഡി ആർട്ടിസ്റ്റുമായ ക്രിസ്സ് റോക്കിനെ വേദിയിലെത്തി സ്മിത്ത് കൈയേറ്റം ചെയ്തത്. അതിനുശേഷം തിരികെ സീറ്റിൽ മടങ്ങിയെത്തിയിട്ടും അരിശം തീരാതെ അവതാരകന് നേരെ ആക്രോശിക്കുകയും ചെയ്തിരുന്നു. ഈ സംഭവം ഹോളിവുഡിൽ വലിയ വിവാദമായിരുന്നു. വില്യം സ്മിത്തിന് ലഭിച്ച ഓസ്‌കാർ തിരികെ എടുക്കണം എന്നുവരെയുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. അതേസമയം, ഭാര്യയോടുള്ള സ്നേഹമാണ് ഇതിനു കാരണമായതെന്നായിരുന്നു മറുവിഭാഗം ചൂണ്ടിക്കാണിച്ചത്.
ഈ സംഭവത്തോടെ സ്മിത്ത് ഉൾപ്പെടുന്ന ചില പ്രൊജക്ടുകൾ താത്ക്കാലികമായി നിർത്തിവെച്ചു. സ്മിത്തിന്റെ 2017-ൽ പുറത്തിറങ്ങിയ ബ്രൈറ്റ് എന്ന ആക്ഷൻ ത്രില്ലറിന്റെ അടുത്ത ഭാഗം എടുക്കാൻ ഇരുന്ന നെറ്റ്ഫ്ളിക്സ് അത് റദ്ദാക്കുകയും ചെയ്തു. അതുപോലെ നാഷണൽ ജിയോഗ്രാഫിക് ചാനലിൽ സംപ്രേഷണം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന, പ്രകൃതിയുമായി ബന്ധപ്പെട്ട പോൾ ടു പോൾ എന്ന സീരിയലും 2022 അവസാനം വരെ നിർത്തിവെച്ചു. ഉത്തരധ്രുവത്തിൽ നിന്നും ദക്ഷിണ ധ്രുവത്തിലേക്കുള്ള വില്യം സ്മിത്തിന്റെ യാത്രയിലൂടെയായിരുന്നു ഇതിൽ പ്രകൃതിയുടെ വിവിധ ഭാവങ്ങൾ കാണിക്കാൻ ഉദ്ദേശിച്ചിരുന്നത്.
അതുപോലെ സോണി ഫിലിംസ് പ്രീപ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച ബാഡ് ബോയ്സ് 4 എന്ന ചിത്രത്തിന്റെ പ്രവർത്തനവും ഈ സംഭവത്തോടെ മരവിപ്പിക്കുകയായിരുന്നു. മാത്രമല്ല, അടുത്ത പത്ത് വർഷത്തേക്ക് പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും അക്കാദമി വില്യം സ്മിത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2022 ഏപ്രിൽ 8 മുതൽ പത്തു വർഷത്തേക്കാണ് അക്കാദമിയുടെ അവാർഡ് ദാനം ഉൾപ്പടെയുള്ള എല്ലാ പരിപാടികളിൽ നിന്നും വില്യം സ്മിത്തിനെ വിലക്കിയിരിക്കുന്നത്.
ഇത്തരത്തിൽ പ്രശ്നങ്ങളിൽ പെട്ടുഴലുമ്പോഴാണ് വില്യം സ്മിത്ത് സദ്ഗുരുവിനെ തേടി എത്തിയിരിക്കുന്നത്. ജഗ്ഗി വാസുദേവ് എന്ന സദ്ഗുരുവിനെ 2020-ൽ ലോസ് ഏഞ്ചലസിൽ വെച്ച് സ്മിത്തും കുടുംബവും കണ്ടിരുന്നു. സദ്ഗുരുവിന്റെ ''ഇന്നർ എഞ്ചിനീയറിങ് '' എന്ന പുസ്തകം വായിച്ചതിനു ശേഷം താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറിയെന്ന് ഒരിക്കൽ വില്യം സ്മിത്ത് പറയുകയും ചെയ്തിരുന്നു. അതിനുശേഷമാണ് തന്റെ കുടുംബവുമൊത്ത് ഗുരുവിനെ കണ്ടതെന്നും സ്മിത്ത് പറഞ്ഞു. ഭൗതിക സുഖങ്ങളിൽ പരിധിക്കപ്പുറം അഭിരമിക്കാതെ ജീവിത യാഥാർത്ഥ്യം മനസ്സിലാക്കുവാൻ ആത്മീയതയുടെ വഴിയാണ് നല്ലതെന്നാണ് സ്മിത്ത് പറയുന്നത്.
ഈ സന്ദർശനത്തിനിടയിൽ സ്മിത്തിന്റെ മകൾ വില്ലോയും സദ്ഗുരുവിനെ കണ്ടിരുന്നു. അസ്തിത്വ പ്രതിസന്ധി മറികടക്കാൻ തന്നെ സഹായിച്ചത് സദ്ഗുരുവായിരുന്നു എന്ന് വില്ലോ പിന്നീട് പറഞ്ഞിരുന്നു. കഴിഞ്ഞമാസം ഒരു ബ്രിട്ടീഷ് ചാനലിലെ പ്രഭാത പരിപാടിയിൽ പങ്കെടുത്ത് കോവിഡ് മഹാമാരി മനുഷ്യന്റെ സന്തോഷത്തെ കെടുത്തുന്നില്ല എന്ന് അദ്ദേഹം പറഞ്ഞത് ഏറെ വിവാദമായിരുന്നു. മനുഷ്യർക്ക് ദുഃഖവും ദുരിതവും ഉണ്ടാകുന്നത് സാഹചര്യങ്ങളെ ഭൗതികമായും ആത്മീയമായും കൈകാര്യം ചെയ്യാൻ അറിയാത്തതുകൊണ്ടാണെന്നും സദ്ഗുരു അന്ന് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ