മുംബൈ: മഹാരാഷ്ട്രയിൽ ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം മെഷീൻ തകർത്ത് പണം കവർന്നു. മെഷീൻ കവർച്ചാസംഘം കടത്തിക്കൊണ്ടു പോകുകയായിരുന്നു. സാംഗ്ലി ജില്ലയിലെ മിറാജ് താലൂക്കിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സംഭംവമുണ്ടായത്. കവർച്ചാസംഘത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.

എ.ടി.എം മെഷീൻ ജെ.സി.ബി ഉപയോഗിച്ച് തകർക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം മെഷീൻ അടർത്തിയെടുത്ത് കടത്തിക്കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.

മൂന്ന് കഷ്ണങ്ങളായി എ.ടി.എം മെഷീൻ മുറിച്ച ശേഷം പണമുള്ള ഭാഗം തകർത്തുകൊണ്ടുപോവുകയാണ് ചെയ്തത്. കവർച്ചക്കുപയോഗിച്ച ജെ.സി.ബിയും മോഷ്ടിച്ചുകൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്.

സംഭവം നടന്ന സമീപത്തെ പെട്രോൾ പമ്പിൽ നിർത്തിയിട്ട ജെ.സി.ബിയാണ് കവർച്ചാ സംഘം മോഷണത്തിനുപയോഗിച്ചത്. ജെ.സി.ബി മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കവർച്ചാസംഘത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

സംഭവ സ്ഥലത്തെ സമീപ പ്രദേശങ്ങളിൽ സി.സി.ടി.വിയില്ലാത്തതും ആൾ സാന്നിധ്യമില്ലാത്തതും നോക്കിയാണ് കവർച്ചാസംഘം ഇവിടെ മോഷണത്തിന് തെരഞ്ഞെടുത്തതെന്നാണ് പൊലീസ് പറയുന്നത്.