കുവൈത്ത് സിറ്റി: തൊഴിൽ, താമസ നിയമ ലംഘകരെ കണ്ടെത്താൻ കുവൈത്തിൽ വ്യാപക പരിശോധനക. കഴിഞ്ഞ ദിവസം മാത്രം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 21 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്തെ താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. പിടിയിലായ എല്ലാവരും വിവിധ ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. പള്ളികളിൽ യാചന നടത്തിയ ഒരാളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്.

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ കഴിഞ്ഞ ഏതാനും മാസങ്ങളായി കുവൈത്തിൽ വ്യാപക പരിശോധനകൾ നടന്നുവരികയാണ്. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് പരിശോധനകൾ നിർത്തിവെച്ചിരുന്നെങ്കിലും സ്ഥിതിഗതികളിൽ മാറ്റം വന്ന് വിമാനത്താവളങ്ങൾ തുറന്നതോടെ പരിശോധനയും പുനഃരാരംഭിച്ചു. പിടിയിലാവുന്നവരെ പിന്നീട് തിരിച്ചുവരാൻ സാധിക്കാത്ത തരത്തിൽ വിലക്കേർപ്പെടുത്തിയ ശേഷം നാടുകടത്തുകയാണ് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രവാസികളെയാണ് ഇത്തരത്തിൽ സ്വന്തം നാടുകളിലേക്ക് മടക്കി അയച്ചത്.