ഹൈദരാബാദ്: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ തെലങ്കനയിലെത്തി കെ ചന്ദ്രശേഖർ റാവുവുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. കോൺഗ്രസിനെ മാറ്റിനിർത്തി പ്രാദേശിക കക്ഷികളുടെ മൂന്നാം മുന്നണി രൂപീകരിക്കാൻ മുന്നിൽ നിൽക്കുന്ന ആളാണ് കെസിആർ. അതേസമയം രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തെലങ്കാനയിൽ ശക്തമാകുമ്പോഴുള്ള ഈ നീക്കമാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

ശനിയാഴ്ച രാവിലെ ഹൈദരാബാദിലെത്തിയ പ്രശാന്ത് കിഷോർ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിൽ രാത്രി താമസിച്ചാണ് ചർച്ച നടത്തിയത്. ഇരു കൂട്ടരും തമ്മിലുള്ള ചർച്ചകൾ ഇന്നും തുടരുന്നതായാണ് റിപ്പോർട്ട്. തെലങ്കാനയിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രശാന്ത് കിഷോറുമായി സഹകരിക്കുമെന്ന് കെസിആർ മുൻപുതന്നെ പ്രഖ്യാപിച്ചിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സഹകരണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പ്രഗതി ഭവനിൽ രണ്ടു ദിവസം താമസിച്ച് പ്രശാന്തിന്റെ ചർച്ച.

തെലങ്കാനയിൽ ഇപ്പോഴും കോൺഗ്രസാണ് പ്രധാന പ്രതിപക്ഷമെന്നതാണ് ഈ ചർച്ചയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പ്രശാന്ത്, കോൺഗ്രസ് പ്രധാന പ്രതിപക്ഷമായ തെലങ്കാനയിൽ ഭരണകക്ഷിയുമായി ചർച്ച നടത്തുന്നതിനെ കൗതുകത്തോടെയാണ് രാഷ്ട്രീയലോകം കാണുന്നത്.

കോൺഗ്രസിന്റെ തിരിച്ചുവരവിനായി ദേശീയ നേതൃത്വത്തിനു മുന്നിൽ സമർപ്പിച്ച നയരേഖയിൽ, തെലങ്കാനയിൽ കോൺഗ്രസും കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയും തമ്മിൽ സഹകരിക്കണമെന്ന് പ്രശാന്ത് നിർദ്ദേശിച്ചിരുന്നതായി സൂചനയുണ്ട്.

തിരഞ്ഞെടുപ്പിനായി ഒരുക്കം ആരംഭിച്ച തെലങ്കാനയിൽ കെസിആറുമായും ടിആർഎസുമായും സഹകരിക്കുന്നതിൽ കോൺഗ്രസിന് താൽപര്യമില്ല. മെയ്‌ ആറിന് തെലങ്കാന സന്ദർശിക്കുന്ന രാഹുൽ ഗാന്ധി രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കുന്നുമുണ്ട്. പശ്ചാത്തലം ഇതായിരിക്കെ കെസിആറുമായി പ്രശാന്ത് നടത്തുന്ന ചർച്ചകൾക്കെതിരെ കോൺഗ്രസിനുള്ളിൽ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്.

2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനമുണ്ടായിട്ടില്ല. അതേസമയം, കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനയുക മാത്രമാകും പ്രശാന്ത് കിഷോർ ചെയ്യുക എന്നും കോൺഗ്രസിൽ ചേരില്ല എന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് കഴിഞ്ഞ രണ്ടുദിവസമായി പ്രശാന്ത് കിഷോർ തെലങ്കാനയിൽ ക്യാമ്പ് ചെയ്യുന്നത്.

ഈ മാസം 16ന് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ പ്രശാന്ത് കിഷോർ എത്തി ചർച്ച നടത്തിയിരുന്നു. 2024ലെ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട പദ്ധതി കോൺഗ്രസ് നേതാക്കൾക്ക് മുമ്പിൽ അദ്ദേഹം അവതരിപ്പിച്ചു. 370 സീറ്റിൽ കോൺഗ്രസ് ശ്രദ്ധ പതിപ്പിക്കണമെന്നും ബാക്കി സീറ്റുകൾ സഖ്യകക്ഷികൾക്ക് വിട്ടുകൊടുക്കണമമെന്നുമാണ് പ്രശാന്ത് കിഷോർ അവതരിപ്പിച്ച പദ്ധതി.

പ്രശാന്ത് കിഷോർ ആദ്യം കോൺഗ്രസിൽ ചേരട്ടെ എന്നാണ് ചില കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. സാധ്യമാകുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രാദേശിക കക്ഷികളുമായി സഖ്യം ചേരണമെന്നാണ് പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാക്കൾക്ക് മുമ്പിൽ വച്ച നിർദ്ദേശം. സഖ്യനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാമെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ട് വച്ചത്രെ. ഈ നിർദേശങ്ങൾ പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ് കോൺഗ്രസ്.

തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിനും മകൻ രാമറാവുവിനുമെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന പാർട്ടി കൂടിയാണ് കോൺഗ്രസ്. അപ്പോൾ എങ്ങനെ സഖ്യം ചേരും എന്നതാണ് ഉയരുന്ന ചോദ്യം ശനിയാഴ്ച രാവിലെ തെലങ്കാനയിലെത്തിയ പ്രശാന്ത് കിഷോർ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ വസതിയിൽ ക്യാമ്പ് ചെയ്യുകയാണ്. കെസിആറിന്റെ പ്രതികരണം അറിഞ്ഞ ശേഷം കോൺഗ്രസ് നേതാക്കളെ പ്രശാന്ത് കിഷോർ തിങ്കളാഴ്ച വീണ്ടും കാണും. കോൺഗ്രസിൽ ചേരുമോ എന്ന കാര്യത്തിൽ അപ്പോൾ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം.

ബിജെപി പരാജയപ്പെടണം എന്ന് ചിന്തിക്കുന്ന എല്ലാ കക്ഷികളും ഒന്നിക്കണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിലപാട്. ഇക്കാര്യത്തിൽ കോൺഗ്രസും ടിആർസും സമാന മനസ്‌കരാണ്. എന്നാൽ രണ്ടു പാർട്ടികളും പരസ്പരം കൊമ്പുകോർക്കുകയും ചെയ്യുന്നു. ഇത് ബിജെപിക്ക് അനുകൂല സാഹചര്യമുണ്ടാക്കുമെന്ന് പ്രശാന്ത് കിഷോർ നേതാക്കളെ ബോധ്യപ്പെടുത്തി. ശേഷമാണ് അദ്ദേഹം ഹൈദരാബാദിലെത്തിയത്.

അടുത്ത വർഷമാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പും. ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും പ്രശാന്ത് കിഷോർ തന്നോടൊപ്പമുണ്ടാകുമെന്ന് ചന്ദ്രശേഖര റാവു നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, കെസിആറുമായും കോൺഗ്രസുമായും ഒരേ സമയം ചർച്ച നടത്തുകയാണ് പ്രശാന്ത് കിഷോർ.

ഒരുപക്ഷേ പ്രശാന്ത് കിഷോറുമായുള്ള ബന്ധം കെസിആർ ഉപേക്ഷിച്ചേക്കാം. അല്ലെങ്കിൽ തന്റെ ഐപാക് ടീമിനെ കെസിആറിനൊപ്പം നിർത്തി പ്രശാന്ത് കിഷോർ അകലം പാലിച്ചേക്കാം. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെസിആർ പാർട്ടി നേതാക്കളുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു.

തെലുങ്കാനയിലെ ജനഹിതം അറിയുന്നതിന് പ്രശാന്ത് കിഷോർ നേരിട്ട് പല പ്രദേശങ്ങളും സന്ദർശനം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസുമായി യോജിച്ചു നീങ്ങേണ്ടതിന്റെ ആവശ്യകത പ്രശാന്ത് കിഷോർ കെ ചന്ദ്രശേഖർറാവുവുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്നാണ് സൂചന.

ദേശീയ രാഷ്ട്രീയത്തിൽ കണ്ണും നട്ടിരിക്കുന്ന തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു കോൺഗ്രസുമായി സഖ്യത്തിന് ശ്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. റാവു ഇതിനകം മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും ബിജെപിക്കെതിരായ പ്രതിപക്ഷ ബദൽ സഖ്യവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്‌ച്ചകൾ നടത്തിക്കഴിഞ്ഞു.