- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു; ശാന്തിസ്വരൂപ് ഭട്‌നഗർ അവാർഡ് അടക്കം മറ്റനവധി പുരസ്ക്കാരങ്ങളും: അന്തരിച്ച ഭൗതികൃജീവശാസ്ത്രജ്ഞൻ ഡോ.എം വിജയന് ആദരാഞ്ജലികൾ
ചേർപ്പ്: അന്തരിച്ച ലോകപ്രശസ്ത ഭൗതിക-ജീവശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. എം. വിജയന് (മാമണ്ണ വിജയൻ -81) രാജ്യത്തിന്റെ ആദരാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. ഇന്ത്യയിൽ ബയോളജിക്കൽ മാക്രോമോളിക്യുലാർ ക്രിസ്റ്റലോഗ്രഫി മേഖലയ്ക്ക് നേതൃത്വം നൽകിയ സ്ട്രക്ചറൽ ജീവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മാക്രോ മോളിക്യുലാർ ബയോഫിസിക്‌സ് പ്രഫസറായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പം ബെംഗളൂരു മല്ലേശ്വരത്തായിരുന്നു താമസം.
ചേർപ്പ് സി.എൻ.എൻ. സ്‌കൂളിൽ പ്രധാനാധ്യാപകനായിരുന്ന പരേതനായ മാമുണ്ണ് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും (എം.എസ്. മാസ്റ്റർ) സുമതിയുടെയും മകനായി 1941ലായിരുന്നു ജനനം. അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖല പ്രോട്ടീൻ ഘടനകളായിരുന്നു. തൃശൂർ കേരളവർമ്മ കോളജിലെ പഠനശേഷം അലഹബാദിൽനിന്ന് എക്‌സ്-റേ ക്രിസ്റ്റലോഗ്രാഫിയിൽ ഡോക്ടറേറ്റ് നേടി. ഐ.ഐ.എസ്.സി അസോസിയേറ്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.ബി.സി.എസ് സംവിധാനത്തിന് രൂപം നൽകിയ ഉന്നത വിദ്യാഭ്യാസ കമീഷന്റെ അധ്യക്ഷനുമായിരുന്നു. രണ്ടുതവണ സംസ്ഥാന സർക്കാർ ആയുഷ്‌കാല സംഭാവനക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു. 2004-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.
2007 മുതൽ 2010 വരെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ആണവോർജവകുപ്പിന്റെ ഹോമി ഭാഭ പ്രൊഫസറാണ്. ലെക്റ്റിനുകളുടെ കാർബോഹൈഡ്രേറ്റ് സവിശേഷതകളും ഘടനയും പ്രോട്ടീനിലെ ജലാംശവും ആണ് അദ്ദേഹത്തിന്റെ ഗവേഷണവിഷയങ്ങൾ. രാസപരിണാമത്തെയും ജീവന്റെ ഉദ്ഭവത്തെയും സംബന്ധിച്ച് മൈക്രോബാക്ടീരിയൽ പ്രോട്ടീനുകളുടെ ഘടന, അവയുടെ പരസ്പര ഇടപെടലുകൾ, വൻ തന്മാത്രകളുടെ കൂട്ടങ്ങൾ (സൂപ്പർ മോളിക്യുലാർ അസോസിയേഷൻ) ഈ മേഖലകളിലൊക്കെ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.
196871 കാലഘട്ടത്തിൽ, ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രഫ. ഡൊറോത്തി ഹോഡ്ജ്കിന്റെ ഗവേഷണ സംഘത്തിൽ പോസ്റ്റ്-ഡോക്ടറൽ ഫെലോ ആയിരുന്നു. ഓക്സ്ഫോർഡിൽനിന്ന് ഗവേഷണം പൂർത്തിയാക്കി മടങ്ങിയെത്തിയ അദ്ദേഹം അദ്ധ്യാപകനായി. ചേർപ്പ് സി.എൻ.എൻ. സ്‌കൂൾ, തൃശ്ശൂർ കേരളവർമ കോളേജ്, അലഹബാദ് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഓക്‌സ്ഫോർഡ് സർവകലാശാലയിലെ നോബൽസമ്മാനജേതാവ് പ്രൊഫ. ദോരത്തി ഹോഡ്ജ്കിന്റെ കീഴിൽ എക്‌സ്‌റേ ക്രിസ്റ്റലോഗ്രഫിയിൽ ഡോക്ടറേറ്റ് നേടി. ഇൻസുലിന്റെ ഘടനയെപ്പറ്റിയായിരുന്നു പഠനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ധ്യാപകൻ, പ്രൊഫസർ, മോളിക്യുലർ ബയോഫിസിക്‌സ് യൂണിറ്റ് ചെയർമാൻ, ബയോളജിക്കൽ സയൻസസ് ഡിവിഷൻ ചെയർമാൻ എന്നിങ്ങനെ സേവനമനുഷ്ഠിച്ചു. ഐ.ഐ.എസ്.സി.യുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ഡി.ബി.ടി. ഡിസ്റ്റിങ്വിഷ്ഡ് ബയോടെക്‌നോളജിസ്റ്റായും പ്രവർത്തിച്ചു.
ഇന്ത്യയിലെ മൂന്ന് സയൻസ് അക്കാദമികളുടെയും അക്കാദമി ഓഫ് സയൻസസ് ഫോർ ഡെവലപ്പിങ് വേൾഡിന്റെയും ഫെലോ ആയിരുന്നു. ശാന്തിസ്വരൂപ് ഭട്‌നഗർ പ്രൈസ്, ജി.എൻ. രാമചന്ദ്രൻ മെഡൽ, ഐ.എൻ.എസ്.എ. പൂർവവിദ്യാർത്ഥി അവാർഡ്, എക്‌സൽ. റെസ്. അവാർഡ്, ലൈഫ് സയൻസ്, റാൻബാക്‌സി റെസ്. ബേസിക് മെഡിക്കൽ സയൻസസ് അവാർഡ്, ജെ.എൽ. നെഹ്റു സെന്റർ, ഓംപ്രകാശ് ഭാസിൻ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി.
ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രഫി (ഐ.യു.സി.ആർ.), ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആൻഡ് അപ്ലൈഡ് ബയോഫിസിക്‌സ്, ഇന്റർനാഷണൽ കൗൺസിൽ ഫോർ സയൻസ്, ഇന്റർ അക്കാദമി പാനൽ, ഇന്റർ അക്കാദമി കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഏഷ്യൻ ക്രിസ്റ്റലോഗ്രഫിക് അസോസിയേഷന്റെ മുൻ പ്രസിഡന്റാണ്. ഇന്ത്യൻ ക്രിസ്റ്റലോഗ്രഫിക് അസോസിയേഷൻ സ്ഥാപക പ്രസിഡന്റാണ്. ഇന്ത്യൻ ബയോഫിസിക്കൽ സൊസൈറ്റി പ്രസിഡന്റായും പ്രവർത്തിച്ചുവരുകയായിരുന്നു.
ഭാര്യ: ഡോ. കല്യാണി. മകൾ: ദേവയാനി. സഹോദരങ്ങൾ: രവീന്ദ്രൻ (റിട്ട. പ്രൊഫസർ, ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റെ്, ഫാറോഖ് കോളേജ്), ഇന്ദിര, ഡോ. സുരേന്ദ്രൻ (റിട്ട. സർജൻ, തിരുവനന്തപുരം).
മറുനാടന് മലയാളി ബ്യൂറോ