- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്ലേഗും കോളറയും തമ്മിലുള്ള മത്സരത്തിൽ കോളറ ജയിച്ചു; വലതു വംശീയ പാർട്ടി നേതാവ് മരീൻ ലെ പെന്നിനെ തോൽപ്പിച്ച് ഇമ്മാനുവൽ മാക്രോൺ വീണ്ടും ഫ്രഞ്ച് പ്രസിഡണ്ടായി; ഇനി ഞാൻ എല്ലാവരുടെയും നേതാവെന്ന് പറഞ്ഞു ഭാര്യയുടെ കൈപിടിച്ച് ഈഫൽ ഗോപുരത്തിനു താഴെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് മാക്രോൺ
2002 ന് ശേഷം ഫ്രാൻസിൽ തുടർഭരണം നേടുന്ന ആദ്യത്തെ പ്രസിഡണ്ട് എന്ന ഖ്യാതിയുമായി ഇമ്മാനുവൽ മാക്രോൺ പ്രസിഡണ്ടായിരിക്കുകയാണ്. എന്നിരുന്നാൽ പോലും കഴിഞ്ഞതവണത്തെ അപേക്ഷിച്ച് മാക്രോണിന്റെ ജനപിന്തുണ വളരെ ഇടിഞ്ഞിട്ടുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കഴിഞ്ഞ തവണയും ലെ പെൻ തന്നെയായിരുന്നു മാക്രോണിന്റെ എതിരാളി. അന്ന് 66% വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു മാക്രോൺ ജയിച്ചതെങ്കിൽ ഇത്തവണ അത് 28% ആയി കുറഞ്ഞിട്ടുണ്ട്. ഈടതുപക്ഷ രാഷ്ട്രീയം പിറന്നുവീണ ഫ്രാൻസിന്റെ മണ്ണിൽ വലതുപക്ഷ ചിന്താഗതിക്ക് ശക്തികൂടി വരുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത് എന്ന് വിലയിരുത്തുന്നവരുമുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഭാര്യാ സമേതനായി ഈഫൽ ഗോപുരത്തിനു കീഴിലെത്തി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത മാക്രോൺ പറഞ്ഞത് ഇനി താൻ ഒരു പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയല്ലെന്നും, മുഴുവൻ ഫ്രഞ്ചുകാരുടെ പ്രസിഡണ്ടാണെന്നും ആയിരുന്നു. ആരേയും വേർതിരിച്ചു കാണില്ല എന്നും അദ്ദേഹം ഉറപ്പു നൽകി. ഒത്തൊരുമിച്ച് നമുക്ക് ഫ്രാൻസിനേയും യൂറോപ്പിനേയും കൂടുതൽ ശക്തിപ്പെടുത്താം എന്ന് ആഹ്വാനം നൽകിയ അദ്ദേഹം ഫ്രാൻസിനെ മഹത്തായ ഒരു ഹരിത രാഷ്ട്രമാക്കി മാറ്റാമെന്നും പറഞ്ഞു.
അതേസമയം, ഫ്രാൻസിലാകെ പുതിയ സ്വാതന്ത്ര്യത്തിന്റെ തിരമാലകൾ അഞ്ഞടിക്കുന്നത് അനുഭവിച്ചറിയാമായിരുന്നു പക്ഷെ അത് വേണ്ടെന്നാണ് ഫ്രഞ്ച് ജനത പറഞ്ഞത് എന്നായിരുന്നു മാക്രോണിന്റെ എതിരാളി ലെ പെൻ ഫലം പുറത്തുവന്നതിനു ശേഷം തന്റെ അനുയായികളോട് പറഞ്ഞത്. എന്നിരുന്നാലും പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏറെ മുന്നേറിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. തന്റെ പാർട്ടി ഒരു ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉറുസ്വല വോൺ ഡെർ ലെയെൻ ഉൾപ്പടെയുള്ള വിവിധ രാഷ്ട്ര നേതാക്കൾ മാക്രോണിന് അഭിനന്ദന സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. മാക്രോണിന്റെ വിജയം യൂറോപ്യൻ യൂണീയന്റെയും വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ബ്രെക്സിറ്റ് മാതൃകയിൽ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുവന്ന് ഒരു പരമാധികാര രാജ്യമാവുക എന്നതായിരുന്നു ലെ പെൻ മുന്നോട്ടുവച്ച വാഗ്ദാനങ്ങളിൽ ഒന്ന്. എന്നാൽ അത് ഫ്രഞ്ച് ജനത തിരസ്‌കരിക്കുകയായിരുന്നു.
ഇത്തവണ പൊതുവെ വോട്ടിങ് ശതമാനം കുറവായിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോയ നടപടി ഒരു കുറ്റകൃത്യമാണെന്ന് പറഞ്ഞ നേതാവായിരുന്നു മാക്രോൺ. യൂറോപ്പിന്റെ ഐക്യത്തിനായി ശക്തമായി നിലകൊള്ളുന്ന വ്യക്തി. അതുകൊണ്ടുതന്നെ വോട്ടിങ് ശതമാനം കുറഞ്ഞത് മാക്രോണിന്റെ ക്യാമ്പിൽ പരാജയ ഭീതി ഉണർത്തിയിരുന്നു. രാജ്യം കൂടുതൽ വലതുപക്ഷത്തേക്ക് നീങ്ങുമ്പോൾ, പോളിങ് ശതമാനം കുറയുന്നത് ഒരിക്കലും മറ്റ് ആശയക്കാർക്ക് അനുകൂലമാകില്ല.
ഇത് ശരിവയ്ക്കുന്നത് തന്നെയാണ് തെരഞ്ഞെടുപ്പു ഫലവും. ജയിക്കാനായെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ വളരെ കുറവ് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാക്രോൺ ജയിച്ചത്. ഇതേ ലെ പെന്നിനെ കഴിഞ്ഞ തവണ 66% വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപിച്ചപ്പോൾ ഇത്തവണ ഭൂരിപക്ഷം കേവലം 28% മാത്രമാണ്. 1972-ൽ പിതാവായിരുന്ന ലെ പെൻ സ്ഥാപിച്ച നാഷണൽ ഫ്രണ്ട് എന്നപാർട്ടിയുടെ പേര് 2018-ൽ നാഷണൽ റാലി എന്നാക്കിയായിരുന്നു മരീൻ ലെ പെൻ മത്സരിക്കാനിറങ്ങിയത്.
പിതാവിന്റെ അതിതീവ്ര നിലപാടുകൾ പലതും വെള്ളം ചേർത്ത് മയപ്പെടുത്തിയെങ്കിലും തീവ്ര വലതുപക്ഷ സ്വാധീനത്തിൽ നിന്നും മരീൻ ലെ പെൻ പൂർണ്ണമായും മുക്തയായിരുന്നില്ല. അതിന്റെ പ്രതിഫലനമായിരുന്നു പൊതുവേദികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കുമെന്നും മറ്റുമുള്ള പ്രസ്താവനകൾ. എന്നാൽ, അത്തരത്തിലുള്ള നടപടികൾ രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്നും ഒരു ആഭ്യന്തരയുദ്ധത്തിന് വഴി തെളിക്കും എന്നതുമായിരുന്നു മാക്രോണിന്റെ പ്രശ്നം.
മിതമായ നിലപാടുകളാണ് മാക്രോൺ പുലർത്തിയിരുന്നതെങ്കിലും മത മൗലിക വാദികളുമായി ഒരുതരത്തിലുള്ള നീക്കുപോക്കുകൾക്കും അദ്ദേഹം തയ്യാറായിരുന്നില്ല. പ്രവാചകന്റെ കാർട്ടൂൺ വരച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ശക്തമായിരുന്നു. വന്ദിക്കാൻ അവകാശമുള്ളതുപോലെ നിന്ദിക്കാനും അവകാശമുണ്ട് എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മാത്രമല്ല, ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് ഏടുത്തത്.
സ്ത്രീകളുടെ വസ്ത്രധാരണ രീതിക്കെതിരെ സംസാരിച്ച മതപണ്ഡിതന് വിലക്കേർപ്പെടുത്തിയതും, തീവ്രവാദ ബന്ധമുള്ള നിരവധി മുസ്ലിം പള്ളികൾ അടച്ചുപൂട്ടിയതുമൊക്കെ തീവ്രവാദത്തിനെതിരായ അദ്ദേഹത്തിന്റെ പ്രതിബദ്ധത കാണിക്കുന്നു. അതേസമയം, ഇസ്ലാമിക വിശ്വാസങ്ങളേയോ അനുഷ്ഠാനങ്ങളേയോ അദ്ദേഹം എതിർക്കുന്നുമില്ല. അതാണ് ഹിജാബിനെതിരായ ലെ പെന്നിന്റെ പ്രസ്താവനക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം കാണിക്കുന്നത്.
രസകരമായ മറ്റൊരു കാര്യം, ഇതിനു മുൻപ് ഫ്രാൻസിൽ തുടർഭരണം ഉണ്ടായത് 2002 ലെ തെരഞ്ഞെടുപ്പിലായിരുന്നു. അന്ന് ജാക്വെസ് ചിരാഗ് പരാജയപ്പെടുത്തിയത് മരീൻ ലെ പെന്നിന്റെ പിതാവ് ജീൻ മാരീ ലെ പെന്നിനെയായിരുന്നു. വീണ്ടും ഫ്രാൻസിൽ ഒരു തുടർഭരണത്തിന് വഴിയൊരുക്കുവാൻ പരാജയപ്പെടാൻ പിതാവിന്റെ സ്ഥാനത്ത് പുത്രി വന്നു എന്നത് ഒരു നിയോഗമായിരിക്കാം.
മറുനാടന് മലയാളി ബ്യൂറോ