ജിദ്ദ: ഭാര്യയെ തടവിൽ പാർപ്പിച്ച് അതിക്രൂരമായി ആക്രമിച്ച് പരുക്കേൽപ്പിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്. പ്രാഥമിക നിയമനടപടികൾക്കു ശേഷം ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്ന് ജിദ്ദ പൊലീസ് പറഞ്ഞു. ഭാര്യയെ അതിക്രൂരമായി അക്രമിച്ച ഇയാൾ ശനിയാഴ്ചയാണ് അറസ്റ്റിലായത്. ഭർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ കാഴ്ച നഷ്ടപ്പെടുകയും തലയോട്ടിയിൽ പൊട്ടലുണ്ടാകുകയും ചെയ്തുവെന്ന് യുവതിയുടെ സഹോദരി പറഞ്ഞു.

കുട്ടികളുടെ മുന്നിൽവച്ചായിരുന്നു ഇയാൾ ഭാര്യയെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കൂർത്ത വസ്തു ഉപയോഗിച്ച് പ്രതി ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ആക്രമണത്തിൽ യുവതിയുടെ കാഴ്ച നഷ്ടമാവുകയും തലയ്ക്കും തലയോട്ടിക്കും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇതുകൂടാതെ കത്തി ഉപയോഗിച്ച് അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തി പരുക്കേൽപ്പിച്ചു. ഇതിൽ അഞ്ചെണ്ണം മുഖത്തായിരുന്നുവെന്നും സഹോദരി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസമായി തന്റെ സഹോദരി ഈസ്റ്റ് ജിദ്ദാ ആശുപത്രിയിൽ ചികിൽസയിലാണെന്നും അവർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇവർ വിവരങ്ങൾ പുറത്തുവിട്ടത്.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. കൂർത്ത ആയുധം ഉപയോഗിച്ച് ആക്രമിക്കപ്പെട്ട നിലയിൽ ഒരു സ്ത്രീ എത്തിയെന്ന വിവരം അറിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ എത്തുകയും കേസ് എടുക്കുകയും ആയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ പബ്ലിക് പ്രോസിക്യൂഷൻ നിയോഗിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് ഇവർ വിവരങ്ങൾ പുറത്തുവിട്ടത്.