ബംഗലൂരു: കോവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മാസ്‌ക് നിർബന്ധമാക്കി. അനാവശ്യ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകർ ജനങ്ങളോട് ആവശ്യപ്പെട്ടു.

പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണം. ജനങ്ങൾ കോവിഡ് പ്രതിരോധമാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു.

കർണാകടയിൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് മാസ്‌ക് വീണ്ടും നിർബന്ധമാക്കിയത്. രോഗവ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് ഡൽഹിയും തമിഴ്‌നാടും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2541 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 30 മരണവും റിപ്പോർട്ട് ചെയ്തു. ടിപിആറും ഉയരുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്.