രാമനാഥപുരം: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗർഭിണിയായ യുവതിയും നാല് കുട്ടികളും അടക്കം പതിനഞ്ച് ശ്രീലങ്കൻ തമിഴർകൂടി അഭയം തേടി തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലെത്തി. ഇതുവരെ 75 ശ്രീലങ്കൻ തമിഴരാണ് സാമ്പത്തിക പ്രതിസന്ധകളെ തുടർന്നുള്ള സംഘർഷങ്ങളിൽ നിന്ന് രക്ഷതേടി ഇന്ത്യയിലെത്തിയത്.

ശ്രീലങ്കയിലെ ജാഫ്‌ന നഗരത്തിൽ നിന്ന് രാത്രി ഫൈബർ ബോട്ടിൽ പുറപ്പെട്ട സംഘം തിങ്കളാഴ്ച രാവിലെയാണ് ധനുഷ്‌കോടിയിലെത്തിയത്. രാമേശ്വരം മറൈൻ പൊലീസ് സ്ഥലത്തെത്തി ഇവരെ മണ്ഡപം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അരി, പരിപ്പ്, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ക്രമാതീതമായ വർധനവാണ് ശ്രീലങ്കയിലുണ്ടായിരിക്കുന്നത്. അരിക്ക് കിലോക്ക് 300രൂപയാണ് വില. പച്ചമുളകിന് 1000 രൂപ. നാലംഗ കുടുംബത്തിന് രണ്ട് നേരത്തെ ഭക്ഷണം കഴിക്കാൻ 3000 രൂപയോളമാണ് ചെലവെന്നും ശ്രീലങ്കൻ തമിഴർ പറഞ്ഞു. സർക്കാർആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമാകുകയാണ്. പനി വന്നാൽ ചികിത്സിക്കാൻ പോലും 4000 രൂപ ചെലവ് വരുന്നുണ്ടെന്നാണ് കണക്ക്. ഇവരെ മണ്ഡപം അഭയാർഥി കാമ്പിലേക്ക് മാറ്റി.