ന്യൂഡൽഹി: ആയിരത്താണ്ടുകളുടെ പഴക്കം അവകാശപ്പെടുന്ന പുരാവസ്തു ബുദ്ധ വിഗ്രഹം ഇന്ത്യയിൽ തിരികെ എത്തിച്ചു. നളന്ദ മ്യൂസിയത്തിൽ നിന്നും കളവുപോയ ബുദ്ധ സാഖ്യമുനിയെന്നും ബോധിസത്ത്വ മൈത്രേയ എന്നും വിളിക്കപ്പെടുന്ന വെങ്കലത്തിൽ തീർത്ത അമൂല്യ വിഗ്രഹമാണ് ഇന്ത്യൻ മണ്ണിൽ തിരികെ എത്തിയത്.

കടത്തിക്കൊണ്ട് പോയ വിഗ്രഹം അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. നളന്ദയിൽ നിന്നും കളവുപോയവയിൽ ഇത് രണ്ടാമത്തെ ബുദ്ധവിഗ്രഹമാണ് തിരികെ ഇന്ത്യയിൽ എത്തുന്നത്. 2018ൽ ലണ്ടനിൽ നിന്നാണ് ആദ്യത്തേത് തിരികെ ലഭിച്ചത്. 1960 കളിലാണ് വിഗ്രഹങ്ങൾ കളവുപോയത്.

1961 ഓഗസ്റ്റ് 22നും 1962 മാർച്ചിലുമാണ് വിഗ്രഹങ്ങൾ മോഷണം പോയത്. ഏറെ സൂക്ഷമതയോടെ വെങ്കലത്തിൽ തീർത്തവയാണ് ബുദ്ധ പ്രതിമകളെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു. 1970കൾ മുതലാണ് രാജ്യാന്തര തലത്തിൽ ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയെന്ന് കരുതുന്ന വിഗ്രഹങ്ങൾക്കായി തിരച്ചിൽ രാജ്യാന്തര തലത്തിൽ ആരംഭിച്ചത്.