ചെറുവത്തൂർ : ഹോട്ടൽ മുറി കേന്ദ്രീകരിച്ച് എംഡിഎംഏ വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പരിശോധിക്കാനെത്തിയ പൊലീസ് സംഘം കണ്ടെത്തിയത് മുറിയിൽ സല്ലപിക്കാനെത്തിയ സ്ത്രീ പുരുഷ സംഘത്തെ. ചന്തേര എസ്‌ഐ, എം. വി. ശ്രീദാസും സംഘവും ഇന്നലെ നടത്തിയ പരിശോധനയിലാണ് ഹോട്ടൽ മുറിയിൽ നിന്നും 3 സ്ത്രീകളെയും 3 പുരുഷന്മാരെയും പിടികൂടിയത്.

കാലിക്കടവിനും, പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിനുമിടയിലുള്ള ഹോട്ടലിലെ മുറിയിൽ എംഡിഎംഏ രാസ ലഹരി മരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നായിരുന്നു ചന്തേര പൊലീസിന് കിട്ടിയ രഹസ്യ വിവരം. ഇതേത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 3 മണിക്കാണ് ചന്തേര എസ്‌ഐയും സംഘവും ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയത്. ഹോട്ടൽ മുറികളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് കർണ്ണാടക സ്വദേശിനിയായ 35 കാരി, തമിഴ്‌നാട് സ്വദേശിനിയായ 32 കാരി, ഉദുമ ബേക്കൽ സ്വദേശിനിയായ 45 കാരി എന്നിവരെ മുറിയിൽ നിന്നും കണ്ടെത്തിയത്.

ഇവരോടൊപ്പം ചെറുപുഴ പാടിയോട്ട് ചാൽ സ്വദേശികളായ 3 ഇടപാടുകാരുമുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും പരസ്പര സമ്മതത്തോടെയാണ് ഹോട്ടൽ മുറിയിൽ ഒരുമിച്ചതെന്ന് വിവരം ലഭിച്ചതോടെ സ്ത്രീകളെ വിട്ടയച്ചു. ഹോട്ടൽ മുറിയുടെ നടത്തിപ്പുകാരനായ കൈതക്കാട് സ്വദേശി, യുവതികളുമായി കിടക്ക പങ്കിടാനെത്തിയ യുവാക്കൾ എന്നിവരെ ചന്തേര പൊലീസ് മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

അതേസമയം ചെറുപുഴ പാടിയോട്ട് ചാൽ സ്വദേശികളായ മൂന്ന് ചെറുപ്പക്കാർക്കെതിരെ യുവതി വിഷയത്തിൽ സാമ്പത്തിക താല്പര്യം മുൻനിർത്തി അവഗണിക്കപെട്ട സുഹൃത്ത്് ഒപ്പിച്ച പണിയാണ് എംഡിഎംഏ വിൽപ്പന കഥയെന്നാണ് പുറത്തു വരുന്ന സൂചനകൾ.