ദുബായ്: ലീവ് എടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ മാനേജറെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിക്ക് ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ദുബായിലെ അൽ ഖൂസ് ഇന്ഡസ്ട്രിയൽ ഏരിയ 2ൽ പ്രവർത്തിച്ചിരുന്ന ഒരു ഗ്യാരേജ് ഉടമയാണ് കൊല്ലപ്പെട്ടത്. 2020 ജൂണിൽ നടന്ന കൊലപാതകത്തിൽ ദുബായ് ക്രിമിനൽ കോടതി വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.

രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ തൊഴിലാളികളാണ് പൊലീസിൽ വിവരമറിയിച്ചത്. കഴുത്തിലും വയറിലും പരിക്കുകളും തലയ്ക്ക് കാര്യമായ ക്ഷതവും ഏറ്റിട്ടുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ മനസിലായി. മുഖത്ത് ഉൾപ്പെടെ അടിയേറ്റ പാടുകളുണ്ടായിരുന്നു. മൃതദഹത്തിനടുത്ത് നിന്ന് ഒരു കത്തിയും കത്രികയും ഇരുമ്പ് ചുറ്റികയും പൊലീസ് കണ്ടെടുത്തു.

ചില സാധനങ്ങൾ വാങ്ങാനായി തങ്ങൾ 20 മിനിറ്റ് പുറത്തുപോയിരുന്നെന്നും, തിരികെ വന്നപ്പോൾ ഗ്യാരേജിന്റെ ഡോർ അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് പിൻ വാതിലിലൂടെ അകത്ത് കടന്നപ്പോഴാണ് മാനേജറുടെ മൃതദേഹം കണ്ടെതെന്നും തൊഴിലാളികൾ മൊഴി നൽകി. ഇതോടെ ഈ സമയം മറ്റുള്ളവർക്കൊപ്പം ഇല്ലാതിരുന്ന ഒരു തൊഴിലാളിക്ക് നേരെയായി സംശയം.

ഇയാൾക്കായി നടത്തിയ അന്വേഷണത്തിനൊടുവിൽ ദുബായിൽ സ്വന്തം രാജ്യത്തിന്റെ കോൺസുലേറ്റിന് സമീപത്തുവെച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എത്രയും വേഗം രാജ്യം വിടുന്നതിനായി ചില പേപ്പറുകൾ ശരിയാക്കുന്നതിനാണ് കോൺസുലേറ്റിന്റെ സഹായം തേടിയതെന്ന് പ്രതി പറഞ്ഞു.

നാട്ടിലേക്ക് പോകുന്നതിനായി വാർഷിക അവധി എടുക്കുന്ന കാര്യത്തിൽ മാനേജറുമായി തർക്കമുണ്ടായെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. തനിക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രതി, മാനേജറോട് ആവശ്യപ്പെട്ടു. എന്നാൽ ലീവ് എടുക്കുന്ന തീയ്യതിയെച്ചൊല്ലി പ്രതിയും മാനേജറും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. പ്രകോപിതനായ മാനേജർ തന്റെ മുറിയിൽ നിന്ന് ഇറങ്ങിപ്പോകാൻ പ്രതിയോട് ആവശ്യപ്പെട്ടു.

താൻ അപമാനിതനായതിന് പ്രതികാരം ചെയ്യാൻ തീരുമാനിച്ച ഇയാൾ, താഴെ നിലയിലേക്ക് പോയി ഗ്യാരേജിലെ പ്രധാന വാതിൽ അകത്ത് നിന്ന് പൂട്ടിയ ശേഷം കത്തിയും മറ്റ് ആയുധങ്ങളുമായെത്തി ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കുത്തിക്കൊലപ്പെടുത്തിയ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തുവെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.