അഹമ്മദാബാദ്: ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട. 1,439 കോടിരൂപ വിലമതിക്കുന്ന 205.6 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ.) ഗുജറാത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്.) ചേർന്ന് നടത്തിയ സംയുക്ത നടപടിയിലൂടെയാണ് ഇത് പിടിച്ചെടുത്തത്.

തുറമുഖത്തെത്തിയ കണ്ടെയ്നറുകളിൽ ഒന്നിൽനിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇറക്കുമതിക്കാരനെ പഞ്ചാബിൽനിന്ന് പിടികൂടിയിട്ടുണ്ട്. 2021 സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ ഇറാനിൽനിന്നെത്തിയ 17 കണ്ടെയ്നറുകളിൽ ഒന്നിൽനിന്നാണ് ഹെറോയിൻ പിടികൂടിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പ്രതികരിച്ചു. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്ന് ജിപ്സം പൗഡർ എന്ന പേരിലാണ് മയക്കുമരുന്ന് ഇന്ത്യയിലേക്ക് എത്തിയത്.

ഇതുവരെ 205.6 കിലോഗ്രാം കണ്ടെത്തിയതായും ഇതിന് നിയമവിരുദ്ധ മാർക്കറ്റിൽ 1,439 കോടി രൂപ വില വരുമെന്നും ഡി.ആർ.ഐ. അധികൃതർ അറിയിച്ചു. കൺസൈന്മെന്റിൽ വിശദമായ പരിശോധന തുടരുകയാണെന്നും ഡി.ആർ.ഐ. വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഇറക്കുമതി ചെയ്തയാളെ, രേഖകളിൽ നൽകിയിരിക്കുന്ന വിലാസത്തിൽ ഉത്തരാഖണ്ഡിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇയാൾക്കു വേണ്ടി രാജ്യമൊട്ടാകെ തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ പഞ്ചാബിലെ ഒരു ഗ്രാമത്തിൽനിന്നാണ് പിടിയിലായത്. ഇയാളെ ഗുജറാത്തിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ഡി.ആർ.ഐ. പൂർത്തിയാക്കിക്കഴിഞ്ഞു.