ജൽപായ്ഗുഡി: തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച 14കാരി മരിച്ചു. പീഡനശ്രമം സംബന്ധിച്ചു പൊലീസിനു നൽകിയ പരാതി പിൻവലിക്കണമെന്ന ഭീഷണിയെ തുടർന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പതിനാലുകാരിയാണ് മരിച്ചത്. ബംഗാളിലെ മൈനാഗുഡിയിലാണ് സംഭവം. 60% പൊള്ളലേറ്റ പെൺകുട്ടി രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു.

ഫെബ്രുവരി 28ന് വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് പീഡന ശ്രമം നടന്നത്. ബഹളംവച്ചതിനെ തുടർന്ന് പ്രതി രക്ഷപ്പെട്ടു. വീട്ടുകാരുടെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി. മുഖംമൂടി ധരിച്ച രണ്ടു പേർ ഏപ്രിൽ 13ന് വീട്ടിലെത്തി കേസ് പിൻവലിച്ചില്ലെങ്കിൽ പെൺകുട്ടിയെ പീഡിപ്പിക്കുമെന്നും വീട്ടുകാരെ കൊല്ലുമെന്നും ഭയപ്പെടുത്തി. പിറ്റേന്നാണ് ബാലിക ആത്മഹത്യയ്ക്കു ശ്രമിച്ചത്. നാലു പ്രതികളെ അറസ്റ്റ് ചെയ്‌തെന്നു പൊലീസ് അറിയിച്ചു. കേസ് സിബിഐക്കു വിടണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു.