മാവേലിക്കര: ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ. കൊയ്‌പ്പള്ളി കാരാണ മാടമ്പത്ത് പ്രദീപ് നന്ദനൻ (35) ആണ് മൂന്നര കിലോ കഞ്ചാവുമായി അറസ്റ്റിലായത്. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ ഓട്ടോയിൽ നിന്നും കഞ്ചാവ് കണ്ടെത്തുക ആയിരുന്നു. തൃശൂർ കൊടകര പേരാമ്പ്ര സ്വദേശിയായ ഇയാൾ ഒമ്പത് വർഷമായി കൊയ്‌പ്പള്ളി കാരാണയിലാണ് താമസം.

കഴിഞ്ഞ ദിവസം വൈകിട്ടു കഞ്ചാവു പൊതിയുമായി 21 വയസ്സുകാരനെ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ, ഓട്ടോറിക്ഷയിൽ ലോട്ടറി വിൽപനയ്ക്ക് എത്തുന്ന അംഗപരിമിതനായ ആളാണു കഞ്ചാവ് നൽകിയതെന്നു സൂചന ലഭിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്‌പി ഡോ. ആർ.ജോസിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തവേ പുന്നമ്മൂടിനു തെക്ക് ബവ്‌കോ ഔട്ലെറ്റിനു സമീപത്തുകൂടി ഓട്ടോയിലെത്തിയ പ്രദീപ് നന്ദനനെ സിഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്‌ഐമാരായ എ.ഇ.സിയാദ്, ആർ.ആനന്ദകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ആർ.രാജേഷ്‌കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ വി.വി.ഗിരീഷ്ലാൽ, എസ്.സജുകുമാർ, പി.ജയപ്രസാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തൃശൂർ കൊരട്ടി, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ പ്രദീപ് തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നു കഞ്ചാവെത്തിച്ചു ചില്ലറ വിൽപന നടത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.