- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഉത്തരവിൽ പറഞ്ഞത് പതിനഞ്ച് ശതമാനം പകർപ്പവകാശം; കരാറിൽ അഞ്ച് ശതമാനമായി ചുരുങ്ങി; ഇടത് സംഘടനയുടെ കീഴിലുള്ള പ്രൈവറ്റ് സ്ഥാപനത്തിന് കരാർ നൽകിയത് ഓപ്പൺ ടെണ്ടർ വിളിക്കാതെ; എസ്.സി.ഇ.ആർ.ടി പാഠപുസ്തക വിതരണത്തിൽ വൻ അഴിമതി
തിരുവനന്തപുരം: എസ്.സി.ഇ.ആർ.ടി പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് വൻ അഴിമതിയെന്ന് ആക്ഷേപം ഉയരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോർ എന്ന ഇടത് സംഘടനയുടെ കീഴിലുള്ള പ്രൈവറ്റ് സ്ഥാപനത്തിനാണ് ഓപ്പൺ ടെണ്ടർ വിളിക്കാതെ നയവും ചട്ടങ്ങളും ലംഘിച്ച് പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള കരാർ സർക്കാർ നൽകിയിരിക്കുന്നത്.
ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ മലയാളത്തിൽ ലഭ്യമാക്കുന്നതിന് ഇരുപത്തിയാറ് വിഷയങ്ങളിലായി എഴുപത്തിനാല് ടൈറ്റിലുകളിൽ ഉള്ള പാഠപുസ്തകങ്ങൾ എസ്സിഇആർടി മലയാളത്തിൽ തർജ്ജമ ചെയ്ത് ഓൺലൈനായി പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതേ പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതിനാണ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോർ എന്ന സ്വകാര്യ സ്ഥാപനത്തിന് സർക്കാർ അനധികൃതമായി കരാർ നൽകിയിരിക്കുന്നത്.
ഈ പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിലനിർണ്ണയം നടത്തുന്നതിന് പ്രത്യേക സമിതി സർക്കാർ അനുമതിയോടെ രൂപീകരിച്ചിരുന്നു. അച്ചടിക്കുന്ന പാഠപുസ്തകങ്ങൾക്ക് വിതരണക്കാരായ സെൻട്രൽ കോ - ഓപ്പറേറ്റീവ് സ്റ്റോർ എസ്. സി.ഇ.ആർ.ടിക്ക് പതിനഞ്ച് ശതമാനം പകർപ്പവകാശം നൽകണമെന്നാണ് സർക്കാർ ആദ്യം പുറപ്പെടിവിച്ച ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.
എന്നാൽ കരാറിലേർപ്പെട്ടപ്പോൾ അത് അഞ്ച് ശതമാനമായി കുറഞ്ഞു. അതുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. എഴുപത്തിനാല് ടൈറ്റിലുകളിൽ ഉള്ള പാഠപുസ്തകങ്ങളിൽ വിദ്യാർത്ഥികൾ വാങ്ങാൻ സാധ്യത കൂടുതലുള്ള നാല്പത്തിയെട്ട് പുസ്തകങ്ങൾ മാത്രം ഈ വർഷം അച്ചടിച്ചു വിതരണം ചെയ്താൽ മതിയെന്നും വിലനിർണ്ണയം സംബന്ധിച്ച വിശദാംശങ്ങൾ കാണിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ കരാർ എത്ര വർഷത്തേക്കുള്ളതാണ് എന്ന കാര്യവും കരാറിൽ പറഞ്ഞിട്ടില്ല.ഏകദേശം 20 കോടിയോളം വരുന്ന ഈ കരാർ ഓപ്പൺ ടെൻഡർ വിളിക്കാതെ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഏകപക്ഷീയമായി ഇടത് സംഘടന ഭരിക്കുന്ന ഒരു സഹകരണ സംഘത്തെ സർക്കാർ ഏല്പിച്ചതിൽ ദുരൂഹതയുണ്ട് എന്നാണ് വ്യാപകമായ ഉയരുന്ന ആക്ഷേപം.
ഓപ്പൺ ടെണ്ടർ വിളിച്ചിരുന്നു എങ്കിൽ എസ്. സി.ഇ.ആർ.ടിക്ക് ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതൽ പകർപ്പവകാശമായി ലഭിക്കുമായിരുന്നു.ഇപ്പോൾ ലഭിക്കുന്നത് കരാർ പ്രകാരം അഞ്ച് ശതമാനം മാത്രമാണ്.കൂടാതെ എല്ലാ പ്രസാധകർക്കും ടെൻഡറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമായിരുന്നു.
ഇത് കൂടുതൽ കാര്യക്ഷമായ രീതിയിൽ പുസ്തകവിതരണത്തിന് സാധ്യമാകുമായിരുന്നു ഇതിനെല്ലാം തടയിട്ടാണ് ഇടത് സംഘടനക്ക് കീഴിലുള്ള സ്വകാര്യ സ്ഥാപനത്തിന് കരാർ നല്കയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ