കോട്ടയം: റബർ ആഭ്യന്തരവിപണി അട്ടിമറിക്കുന്ന വ്യവസായികളുടെയും വൻകിട വ്യാപാരികളുടെയും നീക്കങ്ങൾക്ക് സർക്കാരും റബർ ബോർഡും ഒത്താശ ചെയ്യുകയാണെന്നും ഈ നില തുടർന്നാൽ വരും മാസങ്ങളിൽ കർഷകർ വൻ വിപണി തകർച്ച നേരിടേണ്ടി വരുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

വിപണി അട്ടിമറിക്കാൻ ആസൂത്രിതമായി നടക്കുന്ന അണിയറ നീക്കങ്ങളുടെ ഭാഗമാണ് രാജ്യാന്തര വില ഉയർന്നിട്ടും ആഭ്യന്തരവിപണിവില താഴുന്നത്. രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ വില ഉയരുമ്പോൾ സ്വാഭാവികമായും പ്രകൃതിദത്ത റബറിന്റെയും വില ഉയരേണ്ടതാണ്. വിലയുയർത്താതെ വിപണിയിടിച്ച് വ്യവസായികൾ ഇടപെടൽ നടത്തുമ്പോൾ നിലവിലുള്ള റബർ ആക്ട് പ്രകാരം നടപടികളെടുക്കാൻ റബർ ബോർഡ് ശ്രമിക്കാത്തത് ദുഃഖകരമാണ്.

ഏപ്രിൽ, മെയ് മാസങ്ങളിൽ റബറിന് ഷെയ്ഡ് ഇടുന്ന കാലമാണ്. ഈയവസരത്തിലെങ്കിലും വിപണിയിൽ മാറ്റങ്ങൾ കർഷകർ പ്രതീക്ഷിച്ചു. പശയുടെയും പ്ലാസ്റ്റിക്കിന്റെയും ഷെയ്ഡിന്റെയും വില കുതിച്ചുയർന്നിരിക്കുന്നതും കർഷകരെ റബർ ടാപ്പിംഗിൽ നിന്ന് മാറാൻ പ്രേരിപ്പിക്കുന്നു. റബറിന് 250 രൂപ അടിസ്ഥാനവില നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരും ഒളിച്ചോട്ടം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ സിയാൽ മോഡൽ റബർ കമ്പനി വന്നതുകൊണ്ട് കർഷകർക്ക് റബറിന് കൂടുതൽ വില ലഭിക്കുമെന്ന പ്രതീക്ഷയും ഈയവസരത്തിൽ അസ്ഥാനത്താണെന്നും ബോർഡ് വിഭാവനം ചെയ്യുന്ന ഇ പ്ലാറ്റ് ഫോം വിപണി ചെറുകിട കർഷകർക്ക് നേട്ടമുണ്ടാക്കില്ലെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു.