തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. മെയ് നാലിന് സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് യോഗം. അമ്മ, മാക്ട, ഫെഫ്ക, ഡബ്‌ള്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവൻ സംഘടനകളെയും വിളിച്ചിട്ടുണ്ട്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാനായിരുന്നു കമ്മിറ്റി. രണ്ട് വർഷം മുമ്പ് റിപ്പോർട്ട് നൽകിയിട്ടും സാങ്കേതിക കാരണം പറഞ്ഞ് വിശദാംശങ്ങൾ പുറത്ത് വിടാത്ത സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സിനിമാ മേഖലയിൽ കൂടുതൽ പീഡനപരാതികൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ യോഗം വിളിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.

കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാകും യോഗം.

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകാനാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഡബ്ല്യൂസിസി അടക്കം റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് റിപ്പോർട്ട് പഠിച്ച് നടപ്പാക്കാൻ ഉന്നതതല ഉദ്യോഗസ്ഥ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു.

2018 മെയ് മാസത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ മൂന്നംഗസമിതി രൂപീകരിച്ചത്. ജസ്റ്റീസ് ഹേമ, റിട്ടയേർഡ് ഐഎഎസ് ഓഫീസർ കെബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. 2020 ജനുവരിയിലാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.