ന്യൂഡൽഹി: ഹരിയാന കോൺഗ്രസിൽ വൻ അഴിച്ചുപണി നടത്തി ഹൈക്കമാൻഡ്. ഹരിയാന കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി ഷെൽജയെ മാറ്റി. ഉദയ് ഭാനിനെ പുതിയ പിസിസി അധ്യക്ഷനായി നിയമിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ വിശ്വസ്തനാണ്. നാലു വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്.

ശ്രുതി ചൗധരി, രാം കിഷൻ ഗുജ്ജാർ, ജിതേന്ദ്രർ കുമാർ ഭരദ്വാജ്, സുരേഷ് ഗുപ്ത എന്നിവരാണ് പുതിയ വർക്കിങ് പ്രസിഡന്റുമാർ. പട്ടികജാതിക്കാരനായ ഉദയ് ഭാൻ, നേരത്തെ ഹോഡാലിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട്.

ഉദയ് ഭാനിന്റെയും പുതിയ വർക്കിങ് പ്രസിഡന്റുമാരുടെയും നിയമനം സംസ്ഥാനത്ത് കോൺഗ്രസിന് കരുത്തുപകരുമെന്ന് ഭൂപീന്ദർ ഹൂഡ പറഞ്ഞു. അഖിലേന്ത്യാ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തുവന്ന ജി-23 നേതാക്കളിൽ ഹൂഡയും ഉൾപ്പെടുന്നു.

അതേസമയം തന്നെ ഒഴിവാക്കിയതല്ലെന്നും, ഏതാനും ദിവസം മുമ്പേ തന്നെ പിസിസി അധ്യക്ഷസ്ഥാനത്തു നിന്നും രാജിവെച്ചതായി സോണിയാഗാന്ധിക്ക് കത്തു നൽകിയിരുന്നതായും കുമാരി ഷെൽജ പറഞ്ഞു. കോൺഗ്രസിന് വേണ്ടി പോരാളിയായി തുടർന്നും പ്രവർത്തിക്കുമെന്നും ഷെൽജ വ്യക്തമാക്കി.