-കണ്ണൂർ: കേന്ദ്രഹജ്ജ് കമ്മിറ്റി ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിക്ക് കണ്ണൂർ പൗരാവലിയുടെ നേത്യത്വത്തിൽ സ്വീകരണം നൽകി. ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു.

സി.എച്ച്. മുസ്തഫ മൗലവി മുഖ്യ പ്രഭാഷണം നടത്തി. അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി, ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ദേശീയ സമിതിയംഗം സി.കെ. പത്മനാഭൻ, ബിജെപി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം, ഡോ. സി.വി. രവീന്ദ്രനാഥ്, കെ.വി. ജയരാജൻ മാസ്റ്റർ, ഫാദർ ക്ലാരിനസ് പാലിയസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി ഇ. മനീഷ്, അപനക്കാട് അബ്ദുൾ ഖാദർ, ചിറക്കൽ ബുഷ്‌റ തുടങ്ങിയവർ സംസാരിച്ചു. ഖാദർ മജീദ് ഉസ്താദ് സ്വാഗതം പറഞ്ഞു.

ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാൻ പദവി പുണ്യകർമ്മമായി കാണുന്നുവെന്നും നേരിട്ട് ഹജ്ജിന് പോകാനുള്ള ഹജ്ജ് എംബാർക്കേഷൻ സൗകര്യം കണ്ണൂരിലും ഏർപ്പെടുത്താൻ ശ്രമിക്കുമെന്നും മറുപടി പ്രസംഗത്തിൽ അബ്ദുള്ളക്കുട്ടി പറഞ്ഞു. സംഘടനാ പ്രവർത്തനം സേവനമാക്കുക, മാനവ സേവ മാധവ സേവയായി കാണണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രവർത്തകർക്കുള്ള ഉപദേശം ഏറ്റെടുത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.