കണ്ണൂർ: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം എടക്കാട് കെ.റെയിൽ കുറ്റിയിടൽ ഇന്ന് വീണ്ടും പുനരാരംഭിച്ചപ്പോൾ പൊലീസും സമരക്കാരും തമ്മിൽ സംഘർഷം. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് കുളം ബസാർ, എഫ്‌സിഐ ഗോഡൗൺ ഭാഗത്താണ് ഇന്നലെ കെ.റെയിൽ ഉദ്യോഗസ്ഥന്മാർ സർവേ കുറ്റികൾ സ്ഥാപിക്കാനെത്തിയത്.

ഇവിടെ തമ്പടിച്ചു നിന്ന യു.ഡി. എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സർവ്വേ നടപടികൾ തടയാൻ ശ്രമിച്ചു. എടക്കാട് സിഐയുടെ നേതൃത്വത്തിൽ കനത്ത സന്നാഹത്തോടെയാണ് ഇന്നലെ പ്രതിഷേധക്കാരെ മറികടന്നുകൊണ്ടു കെ.റെയിൽ ഉദ്യോഗസ്ഥന്മാർ കുറ്റിയിടിച്ചത്.

സർക്കാർ റവന്യൂ ഭൂമിയിലാണ് ഇന്നലെ കുറ്റിയിടൽ കൂടുതലായി നടന്നത്. പതിവുപോലെ ഇന്നലെയും പ്രതിഷേധക്കാരെ നേരിടാൻ പ്രദേശത്തെ സി.പി. എം പ്രവർത്തകരും മറുഭാഗത്ത് അണിനിരന്നു. എന്നാൽ ഇതൊക്കെ അവഗണിച്ചു കൊണ്ടു പ്രതിഷേധത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാവും എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.വി ജയരാജൻ, സുരേഷ് , അർഷാദ് എന്നിവരെ സംഘർഷമൊഴിവാക്കാനായി പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

ഇന്ന് രാവിലെ എടക്കാട് സ്റ്റേഷനിൽ പൊലീസുമായി ചർച്ച നടത്തിയാണ് കെ.റെയിൽ സർവേടീം കുറ്റികൾ സ്ഥാപിക്കാനായെത്തിയത്.സർക്കാർ ഭൂമിയിൽ കുറ്റിയിടുന്നതിൽ എതിർപ്പില്ലെന്നും സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ അവരുടെ അനുമതിയില്ലാതെ കുറ്റിയടിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു സമരക്കാരുടെ നിലപാട്.