ഇരിട്ടി: ഇരിട്ടിയിൽ ക്രിസ്ത്യൻ ദേവാലയത്തിന് തീപിടിച്ചു. വാണിയപാറ ഉണ്ണി മിശിഹാ പള്ളിയിലാണ് തീപിടിത്തം ഉണ്ടായത്. നവീകരിച്ച പള്ളിയുടെ വെഞ്ചിരിപ്പ് കർമം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയായിരുന്നു പള്ളികെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് വെഞ്ചരിപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ വൈദ്യുതിതടസമുണ്ടാവുകയും ജനറേറ്റർ പ്രവർത്തിപ്പിക്കുകയും ചെയ്തു. എന്നാൽ സീലിങ്ങിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. സമീപത്ത് നിന്ന് വെള്ളമെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പീന്നീട് ഫയർഫോഴ്‌സും സ്ഥലത്തെത്തി.

എംഎ‍ൽഎ സണ്ണി ജോസഫ്, മേഖലയിലെ വികാരിമാർ തുടങ്ങിയവരുംവിശ്വാസികളും സംഭവസ്ഥലത്തുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തമുണ്ടായ സാഹചര്യത്തിൽ പള്ളിയുടെ വെഞ്ചരിപ് കർമം മെയ് 31ന് നടത്താൻ തീരുമാനമായിട്ടുണ്ട്.